കോവിഡ് വ്യാപനം: ജില്ലയിൽ നിയന്ത്രണങ്ങൾ കർശനം, വിവാഹ ചടങ്ങുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേർക്കും മാത്രം അനുമതി.


കോട്ടയം: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്നതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 4 പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ  59 വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമായി. 

നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും നിലവിലുള്ള പ്രദേശങ്ങള്‍ ഒഴികെ ജില്ലയില്‍ പൊതുവില്‍ ബാധകമായ നിയന്ത്രണങ്ങള്‍:

*ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. 

*ആരാധനാലയങ്ങളില്‍ രണ്ടു മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

*സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ യോഗങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രമേ നടത്താവൂ.

*ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സിനിമാ തീയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍,  ക്ലബുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, നീന്തല്‍ കുളങ്ങള്‍ , പാര്‍ക്കുകള്‍, ബാറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടണം. 

*മെയ് ഒന്നിനും രണ്ടിനും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും അവശ്യ  സര്‍വീസുകളും മാത്രമേ അനുവദിക്കൂ. 

*വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കൂ. 

*ഈ വിഭാഗത്തില്‍ പെടുന്നവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പുള്ള 72 മണിക്കൂര്‍ സമയപരിധിയില്‍ ലഭിച്ച കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായും ഹാജരാക്കണം. 

*സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത കൂട്ടായ്മകള്‍  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. 

*സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച അവധിയായിരിക്കും. 

*ശനി ഞായര്‍ ദിവസങ്ങളില്‍ അവശ്യ, അടിയന്തര സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. 

*വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. 

*വിവാഹം നടത്തുന്നതിന് മുന്‍പ് കോവിഡ്- 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് മാനേജ്‌മെന്റ് ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. *ചടങ്ങിന്റെ പരമാവധി ദൈര്‍ഘ്യം രണ്ടു മണിക്കൂറായിരിക്കണം . 

*മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

*വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 7.30ന് അടയ്ക്കണം. 

*രാത്രി ഒന്‍പതുവരെ ടേക്ക് എവേ, ഹോം ഡെലിവറി സര്‍വീസുകള്‍ അനുവദിക്കും. 

*എല്ലാ വ്യാപാര സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ഇടപാടുകാരുമായും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായുമുള്ള സമ്പര്‍ക്കം കുറയ്ക്കണം.  

*കടകളില്‍  കുറഞ്ഞ സമയം മാത്രമേ ഉപഭോക്താക്കള്‍ ചിലവഴിക്കാന്‍ പാടുള്ളൂ. 

*ടേക്ക് എവേ, ഹോം ഡെലിവറി സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കണം.

*ബിവ്‌റേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. 

*ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറക്കും. 

*അതിഥി തൊഴിലാളികള്‍ അവരുടെ നിലവിലുള്ള സ്ഥലങ്ങളില്‍ തുടരണം.

*കൃഷി, മൃഗസംരക്ഷണം , ക്ഷീരമേഖല, ഫിഷറീസ്, ഫോറസ്ട്രി എന്നിവ ഉള്‍പ്പെടെ പ്രാഥമിക മേഖലയിലെ പ്രവര്‍ത്തനങ്ങളും വ്യവസായം, ചെറുകിട വ്യവസായം, കണ്‍സ്ട്രക്ഷന്‍  തുടങ്ങിയവയും  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. 

*തൊഴിലുറപ്പ് പദ്ധതിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടരാം.

*എല്ലാ വകുപ്പുകളും അവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സെക്രട്ടറിയോ വകുപ്പ് മേധാവിയോ ആണ് തീരുമാനമെടുക്കേണ്ടത്. 

*അതാവശ്യ സര്‍വീസുകളായ ആരോഗ്യം, റവന്യൂ , ദുരന്തനിവാരണം, പോലീസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, ഭക്ഷ്യ-പൊതുവിതരണം എന്നിവര്‍ക്ക് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.