കോട്ടയം : കോവിഡിൻ്റെ ആദ്യ വ്യാപന കാലത്ത് ഏറ്റവും ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രണ്ടാം വ്യാപനത്തിൽ നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. സാമൂഹ്യ അടുക്കള, പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ, ജീവൻരക്ഷാ മരുന്ന് വിതരണം തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡിൻ്റെ രണ്ടാം വ്യാപനം അതിരൂക്ഷമായിട്ടും ഗുരുതരമായ കൃത്യവിലോപമാണ് കാട്ടുന്നത്. അവയവമാറ്റം നടത്തിയവരടക്കമുള്ളവർക്ക് ജീവൻരക്ഷാ മരുന്നുകൾ ഉടൻ ലഭ്യമാക്കുവാൻ ജില്ലാ പഞ്ചായത്ത് തയ്യാറാവണം. കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വാർഡുകളിലും ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിച്ച് വന്നിരുന്ന 85 വാക്സിൻ വിതരണ കേന്ദ്രങ്ങൾ 35 ആക്കി കുറച്ചത് പ്രതിഷേധാർഹമാണ്. നിർത്തലാക്കിയ വാക്സിൻ വിതരണ കേന്ദ്രങ്ങൾ അടിയന്തരമായി പുന:സ്ഥാപിയ്ക്കണമെന്നും ഡി.സി.സി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുരുതരമായ കൃത്യവിലോപം കാട്ടുന്നു : ജോഷി ഫിലിപ്പ്