കോവിഡിനൊപ്പം ആശങ്ക പടർത്തി കൂട്ടിക്കൽ മേഖലയിൽ ഡെങ്കിപ്പനി പടരുന്നു.


മുണ്ടക്കയം: കോവിഡിനൊപ്പം ആശങ്ക പടർത്തി കൂട്ടിക്കൽ മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 31 പേർക്കാണ് കൂട്ടിക്ക മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയ്‌ക്കൊപ്പം കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ മേഖലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂട്ടിക്കലിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ കുറച്ചു പേർ മാത്രമാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡായ കൊടുങ്ങയിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ഇളങ്കാട് ടോപ്പ്,കൂട്ടിക്കൽ,വല്യേന്ത മേഖലകളിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗം പടർന്നു പിടിച്ച മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.