മൂടിക്കെട്ടിയ ചാക്കിലോരനക്കം,മാലിന്യങ്ങൾക്കൊപ്പം ആരോ വലിച്ചെറിഞ്ഞ പൂച്ചക്കുഞ്ഞുങ്ങൾക്ക് അഭയം നൽകി ഹരിത കർമ്മ സേനാംഗം.


എരുമേലി: എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപം സ്ഥാപിച്ചിരിക്കുന്ന എംസിഎഫിൽ മാലിന്യങ്ങൾ തരം തിരിക്കുന്നതിനിടെ തിങ്കളാഴ്ച്ചയാണ് ഹരിത കർമ്മ സേനാംഗമായ അജിത മൂടിക്കെട്ടിയ ചാക്കിലോരനക്കം ശ്രദ്ധിച്ചത്. പേടിയോടെയാണെങ്കിലും ചാക്കിന്റെ കെട്ടഴിച്ചു നോക്കാൻ തീരുമാനിക്കുകയായിരുന്നു. കാരണം വീടുകളിൽ കെണി വെച്ച് പിടിച്ചു കൊന്ന എലികളും തല്ലിക്കൊന്ന പാമ്പും സാനിറ്ററി നാപ്കിനും കുട്ടികളുടെ സന്ഗിയുമടക്കം ഇപ്പോൾ ആളുകൾ നിക്ഷേപിക്കുന്നത് ഈ കിയോസ്‌കിനു ചുവട്ടിലാണ്. ജീവനുള്ള അപകടകാരിയായ എന്തെങ്കിലുമാകുമോ എന്ന ഭയം ചാക്കിന്റെ കെട്ടഴിച്ചതോടെ മാറിയെന്നു അജിത പറയുന്നു. ചാക്കിനുള്ളിലാക്കി മൂടി കെട്ടി മാലിന്യത്തിനൊപ്പം ആരോ നിക്ഷേപിച്ചത് ഒന്നും രണ്ടുമല്ല അഞ്ച് കണ്ണ് തുറക്കുന്ന പരുവമായ പൂച്ച കുഞ്ഞുങ്ങളെ. വെള്ളിയാഴ്ച്ച വൈകിട്ട് കൊണ്ട് വന്നു തള്ളിയതാകാമെന്നാണ് അജിതയുടെ നിഗമനം. ശനിയും ഞായറും ലോക്ക് ഡൗൺ ആയിരുന്നതിനാൽ എംസിഎഫ് പ്രവർത്തിച്ചിരുന്നില്ല പിന്നീട് തിങ്കളാഴ്ച്ചയാണ് മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കാൻ അജിത എത്തിയത്. വെള്ളിയാഴ്ച്ച നിക്ഷേപിച്ച ഈ ചാക്കിനു മുകളിൽ 2 ദിവസങ്ങളായി നിരവധി മാലിന്യ കവറുകളാണ് വന്നു വീണത്. ചാക്കിൽ നിന്നും ലഭിച്ച പൂച്ചക്കുഞ്ഞുങ്ങൾ 2 ദിവസത്തിലധികമായി ആവശ്യമായ ഭക്ഷണം ലഭിക്കാതെ മൃതപ്രായരായിരുന്നു. കാഴ്ച്ച കണ്ടു ഏറെനേരം പിടിച്ചു നിൽക്കാനാകാതെ അജിത സമീപത്തെ കടയിൽ നിന്നും പാൽ വാങ്ങി പാത്രത്തിൽ ഒഴിച്ച് പൂച്ച കുഞ്ഞുങ്ങൾക്ക് നൽകി, ഒപ്പം ചെറിയൊരു സംരക്ഷണ വലയവും തീർത്തു. എംസിഎഫിനകത്ത് തക്കാളി പെട്ടിയുടെ കൂട്ടിൽ 5  പൂച്ചക്കുഞ്ഞുങ്ങൾക്കും അജിത കൂടൊരുക്കി. എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ എരുമേലി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന എംസിഎഫ് കിയോസ്കിൽ മാലിന്യങ്ങൾ ജൈവ, അജൈവ,പ്ലാസ്റ്റിക്ക്,ചില്ലുകൾ എന്നിങ്ങനെ തരം തിരിച്ച് മാറ്റുകയാണ് ഹരിത കർമ്മ സേനാംഗമായ അജിതയുടെ ജോലി. 

ചിത്രം:നിഷാദ്.