കോവിഡ് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി കനിവ് 108 ആംബുലൻസ് ജീവനക്കാർ, 10 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ ഓടിയെത്തിയത് 514 ട്രിപ്പുകൾ.


കോട്ടയം: കോവിഡ് പ്രതിരോധത്തിൽ ഒറ്റെക്കെട്ടായി മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. സമയമോ സാഹചര്യമോ നോക്കാതെ കോവിഡ് പ്രതിരോധത്തിൽ മുഴുവൻ സമയവും പങ്കാളികളാകുകയാണ് 108 ആംബുലൻസ് ജീവനക്കാർ. കഴിഞ്ഞ 10 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ 514 ട്രിപ്പുകളാണ് കോവിഡ് ബാധിതരുടെ 108 ആംബുലൻസ് ഓടിയെത്തിയത്. 514 ട്രിപ്പുകളിലായി 572 പേർക്കാണ് ആംബുലൻസ് സേവനം ലഭ്യമായത്. ഡ്രൈവറും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന രണ്ടംഗ സംഘമാണ് ആംബുലൻസിൽ സേവനത്തിനായുള്ളത്. ആംബുലൻസ് സർവീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഈ.എം.ആർ.ഐ കമ്പനിയാണ് വിവരങ്ങൾ ലഭ്യമാക്കിയത്. 2020 ജനുവരി 29 മുതലാണ് സംസ്ഥാനത്ത് കോവിഡ് പ്രവർത്തനങ്ങൾക്കായി കനിവ് 108 ആംബുലൻസുകളുടെ സേവനങ്ങൾ വിവിധ ജില്ലാ ഭരണകൂടങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്.