കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ,ദുരൂഹത നീങ്ങുന്നില്ല,പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.


കറുകച്ചാൽ: കറുകച്ചാലിൽ കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കറുകച്ചാൽ കുമ്പിടി സ്വദേശിയും ചമ്പക്കര ബസ്സിലെ ഡ്രൈവറുമായ ബംഗ്ലാകുന്നിൽ രാഹുൽ (35) നെയാണ് ചമ്പക്കര ഭാഗത്ത് ഇടറോഡിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമെന്നാണ് കാണിച്ചു രാഹുലിന്റെ പിതാവും ഭാര്യയും പോലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാഹുലിന്റെ തലയ്ക്കുള്ളിൽ സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ്. ഈ പരിക്ക് വീഴ്ചയിൽ സംഭവിച്ചതാണോ അതോ മറ്റേതെങ്കിലും അപകടമാണോ എന്ന് വിശദമായ അന്വേഷണം നടത്തും. ശരീരത്തിലും മുറിവുകളുണ്ട്. കാറിനടിയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ കണ്ടെത്തിയത്. രാവിലെ പത്ര വിതരണത്തിനെത്തിയയാളാണ് ഇടറോഡിലെ കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളുടെ ശരീരത്തിൽ അമർന്ന നിലയിലല്ല വാഹനം കിടക്കുന്നത് എന്നത് മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്‌. മൃതദേഹത്തിൽ നിന്നും നാല് മീറ്ററോളം അകലെയായാണ് ചെരുപ്പ് കണ്ടെത്തിയത്. നിലത്ത് ഉരഞ്ഞ നിലയിലാണ് രാഹുലിന്റെ വസ്ത്രത്തിൽ കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു. സുഹൃത്തുക്കളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തി. സമീപ മേഖലയിലെ വീടുകളിൽ നിന്നും പോലീസ് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കറുകച്ചാൽ സിഐ കെ ജയകൃഷ്ണൻ പറഞ്ഞു. ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.