നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട; മുഖ്യമന്ത്രി.


തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവെ സ്റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. ഓക്‌സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങളാണ് നടത്തുന്നത്. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്‌സിജൻ ബെഡുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എൽ ടി സി കളിലും ഓക്‌സിജൻ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബഫർ സ്റ്റോക്ക് ഉണ്ടാക്കും. ഇ എസ് ഐ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജൻ ബെഡ് ആക്കി മാറ്റാം എന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ജയിലുകളിൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന് ആലോചിക്കും. കേരളത്തിലെ ആക്റ്റീവ് കേസുകൾ കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ 255 ശതമാനമാണ് വർദ്ധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാകുന്നതിന്റേതാണ്. ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങൾ ഗൗരവത്തിൽ കാണും. കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീ മൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതൽ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മ്യൂട്ടേഷൻ വന്ന വൈറസുകൾ മരണ നിരക്കുയർത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായി മരണസംഖ്യയും ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കിൽ കൃത്യമായ ചികിത്സയും പരിചരണവും നൽകാൻ സാധിക്കാതെ പോവും. ഈ പ്രതിസന്ധി മറികടക്കാൻ നമ്മൾ ഇതുവരെ പിന്തുടർന്ന രോഗപ്രതിരോധമാർഗങ്ങൾ ശക്തമാക്കണം. സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകൾ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കിൽ എൻ 95 മാസ്‌കുകൾ തന്നെ ധരിക്കണം. അല്ലെങ്കിൽ ഇന്നലെ പറഞ്ഞതു പോലെ ഡബിൾ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകൾ ധരിക്കുന്നതിൽ കർശനമായ ശ്രദ്ധ പുലർത്തണം. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പർക്കം ഒഴിവാക്കുക എന്നതും ആൾക്കൂട്ടമൊഴിവാക്കുക എന്നതും നിർബന്ധമാണ്. അതിഥിതൊഴിലാളികൾ താമസിക്കുന്ന ചില സ്ഥലങ്ങളിൽ കോവിഡ് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സബ്ബ് ഡിവിഷൻ തലത്തിൽ ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവർ നേരിട്ട് ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തും. അതിഥിതൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരാണെന്നും അവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അവരെ ബോധ്യപ്പെടുത്തും. മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കിൽ, അത്രയധികം ശ്രദ്ധ നമ്മൾ പുലർത്തേണ്ടതായി വരും. ജീവനൊപ്പം ജീവനോപാധികൾ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂർണമായ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.