കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കൂടുതൽ പ്രതിദന രോഗബാധ സ്ഥിരീകരിക്കുന്നതിനാൽ ജില്ലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. പ്രതിദിനം ആയിരത്തിനു മുകളിലും രണ്ടായിരത്തിനടുത്തും രോഗബാധയാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടായിരം കവിഞ്ഞ ദിവസങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ചിലസാ കേന്ദ്രങ്ങളായ സർക്കാർ സ്വകാര്യ ആശുപത്രികളിൽ രോഗബാധിതർ നിറഞ്ഞതോടെ പ്രാഥമിക-ദ്വിതീയ കോവിഡ് പരിചരണ കേന്ദ്രങ്ങൾ കൂടുതലായി ആരംഭിക്കുകയാണ് ജില്ലയിൽ. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കോവിഡ് പരിചരണ കേന്ദ്രങ്ങൾ ആരംഭിച്ചാൽ മാത്രമേ രോഗബാധിതരെ കൂടുതലായി ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനാകൂ. എല്ലാ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും കോവിഡ് പരിചരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും നിർദ്ദേശം നൽകിയിരുന്നു. കോട്ടയം ജില്ലയില്‍ പുതിയതായി 7 കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഇതില്‍ 3 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും(സി.എഫ്.എല്‍.ടി.സി) 4 ഡൊമിസിലിയറി കെയര്‍ സെന്ററുകളു(ഡി.സി.സി)മാണുള്ളത്. ജില്ലയിൽ നിലവിൽ 11 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും 6 ദ്വിതീയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും 24 ഡൊമിസിലിയറി കെയര്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയില്‍ ആകെ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ജില്ലാ കളക്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിൻ ക്ഷാമവും ഓക്സിജൻ പ്രതിസന്ധിയും ജില്ലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിൽ 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 109104 പേര്‍ കോവിഡ് ബാധിതരായി. 89488 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 43959 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഏപ്രില്‍ 19 മുതല്‍ 25 വരെ കോട്ടയം ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 58176 പേരില്‍ 13822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ആണ്. ആകെ 71 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും ഉള്ള ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്.
കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം,കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കി.