പാലാ ജനറൽ ആശുപത്രിയിൽ വീണ്ടും ഓക്സിജൻ പ്രതിസന്ധി. സിലിണ്ടറുകൾ നൽകി സ്വകാര്യ ആശുപത്രികൾ.


പാലാ: പാലാ ജനറൽ ആശുപത്രിയിൽ വീണ്ടും ഓക്സിജൻ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധിയുണ്ടായതോടെ സഹായത്തിനെത്തിയത് സ്വകാര്യ ആശുപത്രികളാണ്. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ഓക്സിജൻ ആവശ്യമായ കോവിഡ് രോഗികളും മറ്റു രോഗബാധിതർക്കും ആവശ്യമായ ഓക്സിജൻ പാലാ ജനറൽ ആശുപത്രിയിൽ ലഭ്യമാകുന്നില്ല. ഇന്നലെ ഓക്സിജൻ പ്രതിസന്ധി ആശുപത്രി അധികൃതരെ വലച്ചു. 240 സിലിണ്ടർ ഓക്സിജനാണ് ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു ദിവസത്തേക്ക് ആവശ്യമായുള്ളത്. 62 സിലിണ്ടറുകൾ മാത്രമാണ് ഇവിടെയുള്ളത്. ഓക്സിജൻ സിലിണ്ടറുക നിറച്ചു കിട്ടുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ തൃശൂരിൽ നിന്നുമാണ് സിലിണ്ടറുകൾ നിറച്ചു കൊണ്ട് വരുന്നത്. ഇന്നലെ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെ ജനപ്രതിനിധികളുടെ സഹായത്തോടെ കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് ആശുപത്രിയിൽ നിന്നും മരിയൻ മെഡിക്കൽ സെന്ററിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുമാണ് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിൽ നിന്നും സിലിണ്ടറുകൾ എത്തിച്ചു താത്ക്കാലിക ക്ഷാമത്തിന് പരിഹാരം കണ്ടു. വൈകിട്ട് എറണാകുളത്തു നിന്നും 42 സിലിണ്ടറുകൾ ലഭിച്ചെങ്കിലും സ്വകാര്യ ആശുപത്രികളിൽ നിന്നും വാങ്ങിയ സിലിണ്ടറുകൾ തിരിച്ചു നൽകേണ്ടതുണ്ട്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സിലിണ്ടറുകൾ വാടകയ്ക്ക് എടുക്കാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ.