തിരുവനന്തപുരം: അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യു.കെ വകഭേദം കൂടുതൽ കണ്ടിട്ടുള്ളത് വടക്കൻ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിന്റെ കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാൾ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതിനകം 57.58 ലക്ഷം പേർക്ക് ഒരു ഡോസും, 10.39ലക്ഷം പേർക്ക് രണ്ട് ഡോസും വാക്സിൻ കേരളത്തിൽ നൽകിയിട്ടുണ്ട്. വാക്സിന്റെ ദൗർലഭ്യമാണ് നാം നേരിടുന്ന പ്രശ്നം. 50 ലക്ഷം ഡോസ് വാക്സിൻ അധികമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്സിൻ സംസ്ഥാനങ്ങൾ ഉൽപാദകരിൽ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആദിവാസി കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വാക്സിൻ അവിടെ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ വീടുകളിൽ ചെന്ന് വാക്സിൻ നൽകണമെന്ന നിർദ്ദേശത്തിന്റെ പ്രായോഗികത സർക്കാർ പരിശോധിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ വയോധികർക്ക് ഇപ്പോൾ തന്നെ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും ഉൽപാദന മേഖലയും നിർമ്മാണ മേഖലയും സ്തംഭിക്കരുത്. അതുകൊണ്ടാണ് സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട - ഇടത്തരം വ്യവസായങ്ങൾ മത്സ്യ ബന്ധനം, പാൽ ഉൽപ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടിൽ വ്യവസായം, നിർമാണ പ്രവർത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവർത്തിക്കണം. ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിൽ മാത്രമേ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞാൽ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാൻ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാൽ നമുക്ക് മരണങ്ങൾ ഫലപ്രദമായി തടഞ്ഞു നിർത്താം. വീടുകൾക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറകളിലും മുഴുവൻ സമയവും ജാഗ്രത പുലർത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോൾ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങൾ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങൾ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം. കടകൾ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉൾപ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളിൽ സ്വീകരിക്കുന്ന ലോക് ഡൗൺ സമാന നിയന്ത്രണവും ആൾക്കൂട്ടങ്ങൾ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്റെ ഗൗരവം ജനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കൂടി വേണ്ടിയാണത്. വളരെ ശക്തമായ രോഗവ്യാപനം നമ്മൾ മുൻകൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുൻപിലുള്ള വഴി. രോഗബാധയ്ക്ക് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഒരു മാസ്‌കിനു മുകളിൽ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ പല വാക്സിനേഷൻ സെന്ററുകളിലും ടെസ്റ്റിങ് സെന്ററുകളിലും തിരക്ക് ഒഴിവാക്കണം. ആൾക്കൂട്ടമൊഴിവാക്കാൻ ക്രമീകരണങ്ങൾ ഒരുക്കാൻ ആവശ്യമായ നടപടികൾ ആ സ്ഥാപനങ്ങളുടെ അധികാരികൾ കർശനമായി നടപ്പിലാക്കണം. മാസ്‌ക് ധരിക്കുന്നതിൽ മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. തട്ടുകട, ചായക്കട എന്നിവയ്ക്ക് മുന്നിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്സിൻ കേന്ദ്രങ്ങൾ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളിൽ ഈ സംഘം മിന്നൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ കോവിഡ് രോഗികൾ കോവിഡ് സേഫ്റ്റി എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. ക്വാറൻറൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കോവിഡ് പോസിറ്റീവ് രോഗികൾ ഈ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ടതാണ്. ക്വാറൻറൈൻ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഈ ആപ്പ് പൊലീസിന് സഹായകമാകും. പഞ്ചായത്ത് തലത്തിൽ നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ ഫലവത്താക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ടീമിന് നൽകുന്ന പൊലീസ് സഹായം കൂടുതൽ ഫലപ്രദമാക്കാൻ നടപടി സ്വീകരിക്കും. ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ച് വേണം ജനങ്ങളുമായി ഇടപഴകാനെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങൾ അസുഖബാധിതരായാൽ അത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ പൊലീസിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് പൊലീസ് വെൽഫെയർ ഓഫീസർ കൂടിയായ ബറ്റാലിയൻ വിഭാഗം എഡിജിപിയെ ചുമതലപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിൽ ഇപ്പോഴുള്ള പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്തു. രോഗികളുടെ എണ്ണം വർധിക്കുന്നത് മുൻകൂട്ടി കണ്ട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. പരമാവധി ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ ഒരുക്കും.പരമാവധി വെൻറിലേറ്ററുകൾ എത്തിക്കും. ഇതിനായി സിഎസ്ആർ ഫണ്ട് ഉൾപ്പെടെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വൈറസിന്റെ യുകെ-സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ കണ്ടെത്തി, ജാഗ്രത തുടരണം; മുഖ്യമന്ത്രി.