പുതുപ്പള്ളിയിൽ വീടിന്റെ മുറ്റമിടിഞ്ഞു വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, ആളപായമില്ല.


പുതുപ്പള്ളി: പുതുപ്പള്ളിയിൽ വീടിന്റെ മുറ്റമിടിഞ്ഞു വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മുക്കാട്ടിൽ സാബുവിന്റെ വീടിന്റെ മുറ്റമാണ് വാഹനങ്ങൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണത്. അപകട സമയം പ്രദേശത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.

മഴയെ തുടർന്ന് മണ്ണ് ഇരുത്തിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. വീടിനു താഴ്ഭാഗത്തായി പാർക്ക് ചെയ്തിരുന്ന പുതുപ്പള്ളി സ്വദേശി വള്ളംകുളം ശിവന്റെ ഉടമസ്ഥതയിലുള്ള വള്ളംകുളം കൺസ്ട്രക്ഷൻസ് സ്ഥാപനത്തിന്റെ ടിപ്പർ ലോറിക്കും ജെസിബി ക്കും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തിയിരുന്നു.

മണ്ണിടിഞ്ഞതോടെ മുറ്റത്തെ കിണറും അപകടാവസ്ഥയിലാണ് നിൽക്കുന്നത്. വീടിനു താഴ്ഭാഗത്തായാണ് കൺസ്ട്രക്ഷൻസ് സ്ഥാപനത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതും വേ ബ്രിഡ്ജും വാഹന പുക പരിശോധന കേന്ദ്രം പ്രവർത്തിക്കുന്നതും. ലോക്ക് ഡൗൺ ആയതിനാൽ ആളുകൾ ഇല്ലാഞ്ഞതിനാൽ ഒഴിവായത് വലിയ അപകടമാണ്.