ജില്ലയിൽ സിപിഐ യുടെ ഏക സീറ്റ്, വനിതാ മത്സരത്തിൽ ശ്രദ്ധേയമായ മണ്ഡലം, സി കെ ആശയ്ക്കിത് രണ്ടാമൂഴം.


വൈക്കം: ഒറ്റക്കെട്ടായി ഒരുമയോടെ പ്രവർത്തിച്ചു വൈക്കം ഇത്തവണയും സി കെ ആശയെ കൈവിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് സി കെ ആശയെ വൈക്കം നിയമസഭയിലേക്കയക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ കൂടിയായ സി കെ ആശ, യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സാരഥി മുൻ കോട്ടയം നഗരസഭാ ചെയർപേഴ്സൺ കൂടിയായ ഡോ. പി ആർ സോനാ, എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി അജിതാ സാബു എന്നിവരാണ് വൈക്കം നിയോജക മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. 2016 ലെ ആദ്യ മത്സരത്തിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷമുയർത്തിയാണ് ഇത്തവണ സി കെ ആശ വീണ്ടും വിജയിച്ചിരിക്കുന്നത്. 2016 ൽ സി കെ ആശയ്ക്ക് 24584 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇത്തവണ വൈക്കം സമ്മാനിച്ചത് 26,242 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഇത്തവണത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സി കെ ആശ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ വൈക്കത്തിന്. ജില്ലയിലെ സിപിഐ യുടെ ഏക സീറ്റായ വൈക്കം സി കെ ആശയിലൂടെ പാർട്ടിക്ക് വീണ്ടും പിടിച്ചു നിർത്താനായി. വൈക്കം സിപിഐ യുടെ കോട്ടയെന്നു ആവർത്തിച്ചുറപ്പിക്കുന്ന വിജയമാണ് ഇത്. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവുമാണ് സി കെ ആശ. ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും നാടിനു വേണ്ടിയുള്ള തന്റെ പ്രവർത്തനങ്ങളുടെയും പ്രോഗ്രസ്സ് കാർഡാണ് ഈ വിജയത്തിലൂടെ അർത്ഥമാക്കുന്നത് എന്ന് സി കെ ആശ പറഞ്ഞു. സാമ്പത്തിക ശാസ്ത്ര ബിരുദ ധാരിയാണ് സി കെ ആശ. നിലവിൽ സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സി കെ ആശ.