ചങ്ങനാശ്ശേരിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി വാഴപ്പള്ളി കേളമ്മാട്ട് കെ.എം മുരുകേശ്(മുരുകന്‍- 42) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മതുമൂല വാര്യത്തുകുളത്തിൽ ഇന്ന് രാവിലെയാണ് മുരുകേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുളത്തിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാരെയും പോലീസിലും വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കുളത്തിൽ നിന്നും മൃതദേഹം കരയ്‌ക്കെത്തിച്ചത്. യുവാവിന്റെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്നുണ്ട്. ഇന്നലെ രാത്രിയായിട്ടും മുരുകേശിനെ കാണാത്തതിനാൽ ഫോണിലേക്ക് വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ വീട്ടിൽ വെച്ചിട്ടായിരുന്നു മുരുകേശ് പുറത്തേക്ക് പോയത്. ബന്ധുക്കൾ കൂട്ടുകാരോടും മറ്റു ബന്ധുക്കളോടും തിരക്കിയെങ്കിലും വിവരം ലഭിക്കാഞ്ഞതിനെ തുടർന്ന് ചങ്ങനാശ്ശേരി പോലീസിൽ വിവരമറിയിച്ചിരുന്നു. വീട്ടിൽ നിന്നും ഷർട്ടും പാന്റും ധരിച്ചതാണ് മുരുകേശ് പുറത്തേക്ക് പോയത്. എന്നാൽ ഇന്ന് രാവിലെ കുളത്തിൽ കണ്ടെത്തിയ മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. നീന്തലറിയാവുന്നയാളാണ് മുരുകേശ് എന്നത് ദുരൂഹത വർധിപ്പിക്കുന്നു. ബാക്കി വസ്ത്രങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.