കോട്ടയത്തിന്റെ കോവിഡ് പ്രതിരോധം വിജയത്തിലേക്ക്, രോഗബാധിതരുടെ എണ്ണം കുറയുന്നു.


കോട്ടയം: കൃത്യമായ ആസൂത്രണത്തിലൂടെയുള്ള പ്രവർത്തനങ്ങളിൽ കോട്ടയം ജില്ല കോവിഡ് രണ്ടാം തരംഗത്തില്‍ സൃഷ്ടിച്ചത് പ്രതിരോധത്തിന്‍റെ പുതിയ മാതൃക. രോഗബാധിതരുടെ എണ്ണം കുറയുന്നത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധം വിജയത്തിലേക്ക് എന്ന സൂചനയാണ് നൽകുന്നത്.

കർശന നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയുമാണ് ജില്ലയിൽ കോവിഡ് പ്രതിരോധം വിജയം കണ്ടത്. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ട് വരാനായതെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. പ്രതിദിനം മൂവായിരത്തിനും മുകളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്ന കോട്ടയം ജില്ലയിൽ കൃത്യമായ പ്രതിരോധ നടപടികളിലൂടെ രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്കും അവിടെ നിന്നും ആയിരത്തിനടുത്തേക്കും കുറയ്ക്കുവാൻ സാധിച്ചു.

ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇനിയും രോഗബാധിതരുടെ എണ്ണം തീർത്തും കുറച്ചു കൊണ്ടുവരാൻ സാധിക്കൂ എന്ന് ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നത് ശുഭസൂചനയാണ്. ഒരു മാസത്തോളമായി 20 നു മുകളിൽ നിന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിലായി 20 ൽ നിന്നും താഴ്ന്നു തുടങ്ങി. 19.72 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.