ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സ കൂടി ആരംഭിക്കും;സെബാസ്റ്റ്യൻ കുളത്തുങ്കൽ.



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രിയുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. നഗരസഭ വൈസ് ചെയർമാൻ വി എം മുഹമ്മദ്‌ ഇല്ല്യസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സ കൂടി ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പക്കൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ നഗരസഭയുടെ കണക്കുകളേക്കാൾ കൂടുതലാണ് കളക്ട്രേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.