കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആരംഭിച്ചു. ഇന്ന് മുതൽ 9 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനു ജില്ലാ കളക്ടർ എം അഞ്ജനയും ജില്ലാ പോലീസ് മേധാവി ഡി ശിൽപയും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്. വാഹനങ്ങൾ മുഴുവൻ പരിശോധിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവരുടെ വിവരങ്ങളും യാത്ര എന്ത് ആവശ്യത്തിനാണ് എന്നുള്ള വിവരങ്ങളും ശേഖരിച്ച ശേഷമാണ് പോലീസ് വാഹനങ്ങൾ കടത്തി വിടുന്നത്. ലോക്ക് ഡൗൺ പ്രതീതിയിലായ ജില്ലയിൽ അവശ്യ സേവനങ്ങളും അവശ്യ സർവ്വീസുകളും മാത്രമാണ് ലഭ്യമാകുന്നത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾക്കും ആശുപത്രികൾക്കും പെട്രോൾ പമ്പുകൾക്കും നിയന്ത്രണം ബാധകമല്ല. ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയാണ്. ഒഴിവാക്കാനാകാത്ത അവശ്യ കാര്യങ്ങൾക്കു വളരെ ചുരുക്കം പേർ മാത്രമാണ് നഗരത്തിലേക്കിറങ്ങുന്നത്. ഓട്ടോ ടാക്സി വാഹനങ്ങൾ സ്റ്റാൻഡിൽ നിന്നും സർവ്വീസ് നടത്തുന്നില്ല. കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ ഉൾപ്പടെ നടത്തുന്നുണ്ട്.
സെമി ലോക്ക് ഡൗൺ,ജില്ലയിൽ കർശന നിയന്ത്രണങ്ങൾ,അവശ്യ സേവനങ്ങൾ മാത്രം.