കോട്ടയം: കോവിഡ് വ്യാപനത്തെ വരുതിയിലാക്കാൻ സർക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിനിടെ കോവിഡ് പ്രതിരോധ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പങ്കുചേരുമ്പോള്‍ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ വിമുഖത കാണിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങളുമുണ്ട് ജില്ലയിൽ എന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി പ്രാവർത്തികമാക്കാൻ സാധിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഓരോ വാർഡുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതും വിവരങ്ങൾ യഥാസമയം ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും കൈമാറേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. ഓരോ മേഖലയിലെയും രോഗബാധിതരുടെ എണ്ണവും രോഗ വ്യാപനത്തിന്റെ തോതും മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കൂടുതൽ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ആവശ്യമായ മേഖലകളിൽ നടപ്പിലാക്കുന്നത്. സാഹചര്യത്തിന്‍റെ ഗൗരവമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടർ ഓര്‍മിപ്പിച്ചു.
കോവിഡ് പ്രതിരോധ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നു; ജില്ലാ കളക്ടർ.