കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ഏർപ്പെടുത്തിയിരുന്ന കോട്ടയം ജില്ലയിലെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.
ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെയാണ് ഇളവുകൾ നൽകിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രവർത്തന സമയത്തിലും പ്രവർത്തന ദിവസങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ള വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ ദിവസങ്ങളും സമയ ക്രമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നും വീഴ്ച്ച വരുത്തുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 188,169 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും നടപടിക സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പ്രതിരോധ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസിനെയും ഇൻസിഡന്റ് കമാൻഡർമാരെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിൽ ഇളവുകൾ അനുവദനീയമല്ലെന്നും ഈ മേഖലകളിൽ അധിക നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിലെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന സമയവും പ്രവർത്തി ദിവസങ്ങളും ഇങ്ങനെ:
*പഴം,പച്ചക്കറി, പലചരക്ക്,പാൽ,പാൽ ഉത്പ്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ,ബേക്കറികൾ(ഹോട്ടലുകളിലും ബേക്കറികളിലും പാർസൽ മാത്രം), ഇറച്ചി,മത്സ്യം, സഹകര സംഘം സ്‌റ്റോറുകൾ- എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*പാൽ,പത്രം ,മത്സ്യ വിതരണം-എല്ലാ ദിവസവും രാവിലെ 8 മണി വരെ മാത്രം.
*തുണിക്കടകൾ, സ്വർണ്ണക്കടകളും ഓൺലൈൻ വ്യാപാരത്തിനും ഹോം ഡെലിവറിക്കും മാത്രമായും വിവാഹ പാർട്ടികൾക്ക് കടയിലെത്തി ഒരു മണിക്കൂർ ഷോപ്പിങ്ങിനും- തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ.
*ക്രഷറുകൾ- തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*കാലിത്തീറ്റ,കോഴിത്തീറ്റ വിൽപ്പന കേന്ദ്രങ്ങൾ- തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*റേഷൻ കടകൾ- തിങ്കൾ മുതൽ ശനി വരെ രാവിലെ രാവിലെ 8 :30 മണി മുതൽ ഉച്ചക്ക് 2:30 വരെ.
*ഓട്ടോമൊബൈൽ, സ്പെയർ പാർട്സ്,, വർക്ക് ഷോപ്പുകൾ,ടയർ റീസോളിങ്, പഞ്ചർ സർവ്വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, കെട്ടിട നിർമ്മാണ ആവശ്യത്തിനുള്ള തടി വർക്ക് ഷോപ്പുകൾ- ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7:30 വരെ.
*ചകിരി മില്ല്- ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ.
*മൊബൈൽ ഫോൺ സെയിൽസ്, സർവ്വീസ് സ്ഥാപനങ്ങൾ- ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7:30 വരെ.
*കംപ്യുട്ടർ റിപ്പയറിങ് സ്ഥാപനങ്ങൾ- ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7:30 വരെ.
*കണ്ണ് പരിശോധനാ കേന്ദ്രങ്ങൾ, കണ്ണട, ശ്രവണ സഹായി വിൽപ്പന കേന്ദ്രങ്ങൾ, കൃതൃമ കാൽ നിർമ്മിക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പ് റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ- ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*മലഞ്ചരക്ക്, വളം, കീടനാശിനി, റബ്ബർ തോട്ടങ്ങളിലെ റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ- ശനിയാഴ്ച്ച മാത്രം രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികളും, പെയിന്റ്, ഇലക്ട്രിക്കൽ,പ്ലംബിങ് തുടങ്ങിയ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ- ചൊവ്വാഴ്ച്ച ദിവസം മാത്രം രാവിലെ 7 മണി മുതൽ വൈകിട്ട് 7:30 വരെ.
*പ്രസ്സ്- ആശുപത്രി/കോവിഡ് ആവശ്യങ്ങൾക്ക് മാത്രമായി എസ്എച്ഓ മാർ അനുമതി നല്കുന്നതനുസ്സരിച്ച് ആഴ്ച്ചയിൽ പരമാവധി 2 ദിവസം മാത്രം പ്രവർത്തിക്കാം.