കാഞ്ഞിരപ്പള്ളിയിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ, ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രതിരോധം പാളുന്നു, ബുധനാഴ്ച്ച കണ്ടത്


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ തിക്കിത്തിരക്കുകയായിരുന്നു ബുധനാഴ്ച്ച നഗരത്തിൽ. ബുധനാഴ്ച്ച രാവിലെ മുതൽ കാഞ്ഞിരപ്പള്ളിയിൽ വൻ ജനത്തിരക്കും വാഹനത്തിരക്കുമാണ് അനുഭവപ്പെട്ടത്. സാധാര ദിവസങ്ങളിലേതുപോലെയുള്ള ഗതാഗത കുരുക്കും കാഞ്ഞിരപ്പള്ളിയിൽ അനുഭവപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങളിൽ ഉപയോക്താക്കളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ 21 മുതൽ 14 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന്നാന് അനുമതി നൽകിയിരുന്നത്.

വ്യാപാര സ്ഥാപനങ്ങൾ ആഴ്ച്ചയിൽ 2 ദിവസം മാത്രം പ്രവർത്തിക്കുന്നതിനാൽ കൂടുതലാളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാഞ്ഞിരപ്പള്ളിയിൽ കാണാൻ കഴിഞ്ഞത്. അതോടൊപ്പം ഗതാഗത കുരുക്കും അനുഭവപ്പെട്ടതോടെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പിൻവലിച്ച പ്രതീതിയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ. ഇത്തരത്തിൽ ജനങ്ങൾ കൂട്ടമായി എത്തുന്നതോടെ ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രതിരോധം പാളും എന്നതിൽ സംശയമില്ല.

വ്യാപാര സ്ഥാപനങ്ങൾ നിശ്ചിത സമയക്രമം അനുസരിച്ച് എല്ലാ ദിവസവും പ്രവർത്തിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള വലിയ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും സുരക്ഷാ മുൻകരുതലുകൾ പ്രാപ്യമാണെന്നും ഉപഭോക്താക്കളും വ്യാപാരികളും പറയുന്നു. കാഞ്ഞിരപ്പള്ളിയുടെ സമീപ പ്രദേശങ്ങളിലെല്ലാം നിശ്ചിത സമയക്രമമനുസരിച്ച് വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ മറ്റു ദിവസങ്ങളിലും കാഞ്ഞിരപ്പള്ളിയിൽ വാഹനത്തിരക്കിനു കുറവില്ല.