ലോക്ക് ഡൗൺ ഇളവുകൾ നിയന്ത്രിത മേഖലകളിൽ ബാധകമല്ല; ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് രോഗവ്യാപനം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തും ജില്ലയിലും പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഇളവുകൾ നിയന്ത്രിത മേഖലകളിൽ ബാധകമല്ല എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

രോഗവ്യാപനം കൂടുതലായതിനെ തുടർന്ന്  കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലും അധിക നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളിലും ഇളവുകൾ ലഭ്യമാകില്ല. നിലവില്‍ കോട്ടയം ജില്ലയിൽ ആറു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും കണ്ടെയിന്മെന്റ് സോണുകളാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമെ അധിക നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമായിരിക്കും.

ഇളവുകൾ നൽകിയിരിക്കുന്നത് ദുരുപയോഗം ചെയ്യരുതെന്നും അവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുകയും കോവിഡ് പ്രതിരോധ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.