സംസ്ഥാനത്ത് നാളെ മുതൽ 9 വരെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ,അവശ്യ സേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗം കൂടുതൽ പടരുന്നത് ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 9 വരെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സേവനങ്ങൾക്കും അവശ്യ സർവ്വീസുകൾക്കും മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിനു തടസ്സമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും അവശ്യ സർവീസിനു നിയോഗിച്ചിരുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസ്സം ഉണ്ടാവില്ല. ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ പ്രവർത്തിക്കും, കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണം 50, മരണ ചടങ്ങുകൾ 20, അധികരിക്കാതിരിക്കാൻ കരുതൽ വേണം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ, സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും. അനാവശ്യമായി പുറത്തിറങ്ങുന്നതിനും ആൾക്കൂട്ടത്തിനും അനുമതിയില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. വീടുകളിൽ മീൻ വിൽപ്പനയ്ക്ക് തടസ്സമില്ല. വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരികൾ അകലം പാലിക്കുകയും മാസ്കും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.