സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസങ്ങൾക്കു മുൻപ് നാലര ലക്ഷത്തിനടുത്ത് എത്തിയത് ഞായറാഴ്ചത്തെ കണക്കനുസരിച്ച് 2,77,598 ആയി കുറഞ്ഞിരിക്കുന്നു.

തിങ്കളാഴ്ച ഇത് 2,59,179 ആണ്. രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാൻ ലോക്ക്ഡൗൺ സഹായകമായി എന്നാണ് അനുമാനം.പത്തു ദിവസങ്ങൾക്കു മുൻപ് കോവിഡ് രോഗികളിൽ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയർന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ല. അതിന് ഇനിയും രണ്ടു മൂന്നാഴ്ചകൾ കൂടി പിന്നിടേണ്ടി വരും.

മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.