ലോക്ക് ഡൗൺ ഇളവുകൾ: നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാരികൾക്കെതിരെയും ഉപഭാക്താക്കൾക്കെതിരെയും നടപടി സ്വീകരിക്കും.


കോട്ടയം: രോഗ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ നൽകിയിരിക്കുന്ന ലോക്ക് ഡൗൺ ഇളവുകളിൽ നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാരികൾക്കെതിരെയും ഉപഭാക്താക്കൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവർ പറഞ്ഞു.

തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതുമായി ബന്ധപ്പെട്ടു എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിരുന്നു.

തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം.

പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം എന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.