പോസ്റ്റൽ വോട്ടു ചെയ്യിക്കാൻ സർക്കാർ എടുത്ത ജാഗ്രത വാക്സിൻ ലഭ്യമാക്കുന്നതിലില്ല, രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്


കോട്ടയം: കോവിഡ് വ്യാപനത്തെ വരുതിയിലാക്കാൻ സർക്കാരും ആരോഗ്യ വകുപ്പും ഒപ്പം മറ്റു വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കിണഞ്ഞു പരിശ്രമിക്കുമ്പോൾ കോവിഡിനെതിരെ പോരാടാൻ പ്രതിരോധ നിർദ്ദേശങ്ങൾക്കൊപ്പം പ്രതിരോധ വാക്സിൻ ലഭ്യതയും സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

പോസ്റ്റൽ വോട്ടുചെയ്യിക്കാൻ സർക്കാർ എടുത്ത ജാഗ്രത വാക്സിൻ ലഭ്യമാക്കുന്നതിലില്ല എന്നും പൊതുജനങ്ങൾ പരാതിപ്പെട്ടു. രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. കോവിഡ് വാക്സിൻ രണ്ടാം സ്വീകരിക്കുന്നതിനായി സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ല എന്നാണു ഇവരുടെ പരാതി. കോവാക്സിൻ ഒന്നാം ഡോസ് എടുത്തതിനു ശേഷം 28 ദിവസങ്ങൾക്ക് ശേഷവും കോവീഷീൽഡ്‌ ആദ്യ ഡോസ് സ്വീകരിച്ചു 12 ആഴ്ച്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

എന്നാൽ ഈ രണ്ടു വാക്സിനുകളും ആദ്യ ഡോസ് എടുത്തതിനു ശേഷം ചുരുക്കം ചിലർക്ക് മാത്രമാണ് കൃത്യ സമയത്ത് രണ്ടാം ഡോസ് ലഭ്യമായത്. 100 ലധികം വാക്സിൻ ക്യാമ്പുകളും മെഗാ ക്യാമ്പുകളും നടത്തിയിരുന്ന സ്ഥാനത്ത് വാക്സിൻ ലഭ്യതക്കുറവിൽ ക്യാമ്പുകൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. നിലവിൽ ജില്ലയിൽ 18-44 പ്രായപരിധിയില്‍ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമാണ് വാക്സിന് നൽകുന്നത്. രണ്ടാം ഡോസ് കൃത്യ സമയത്ത് നൽകുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടമോ ആരോഗ്യ വകുപ്പോ ഇതുവരെയും നിർദ്ദേശങ്ങൾ നൽകാത്തതും പൊതുജനങ്ങൾക്കിടയിൽ പരാതിക്കിടയാക്കിയിട്ടുണ്ട്.

ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനൊപ്പം രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കേണ്ടവർക്കും മുൻഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം. വാക്സിൻ വിതരണത്തിന്റെ തുടക്കത്തിൽ ഒന്നാം ഡോസും രണ്ടാം ഡോസും സ്വീകരിക്കുന്നത് തമ്മിൽ ചെറിയ ദിവസങ്ങളുടെ അന്തരം മാത്രമാണുണ്ടായിരുന്നത് എന്നും എന്നാൽ പിന്നീട് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ദിവസങ്ങൾ നീണ്ട കാലയളവ് പഠനങ്ങൾ ഉദ്ധരിച്ച് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത് വാക്സിൻ ലഭ്യത കുറവ് മറച്ചു വെയ്ക്കാനാണെന്നും ആരോപണമുയരുന്നുണ്ട്. കോവിഡ് വാക്സിനായി കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും സീറ്റുകൾ തീർന്നു എന്ന അറിയിപ്പ് മാത്രമാണ് ലഭ്യമാകുന്നത്. നിരവധിപ്പേരാണ് ദിവസേന ജില്ലാ കളക്ടറുടെ സമൂഹമാധ്യമ പേജിൽ പരാതികൾ ഉന്നയിക്കുന്നത്.