പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ വാര്‍ഡുതല സമിതികള്‍ സജീവമായി ഇടപെടണം, കാലവര്‍ഷ ദുരന്ത നിവാരണ സംവിധാനങ്ങള്‍ സജ്ജമെന്ന് ഉറപ്പാക്കണം.


കോട്ടയം: കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ ഓൺലൈൻ യോഗം ചേർന്നു. യോഗത്തില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ്  മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ദിനപ്രതി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പൊതുവേ കുറയുന്നുണ്ടെങ്കിലും ചില മേഖലകളില്‍ വ്യാപനം കുടൂകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്നു.

പോസിറ്റിവിറ്റി ഗണ്യമായി കുറഞ്ഞ ചില മേഖലകളില്‍ വീണ്ടും ഉയരുന്നുമുണ്ട്. രോഗികളുടെ ഐസൊലേഷനും ഹോം ക്വാറന്റയിനും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സ്ഥലങ്ങളിലെല്ലാം വാര്‍ഡ് തല സമിതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വാര്‍ഡ് തല സമിതികള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ ഫലം വരുന്നതിനു മുന്‍പു തന്നെ പൊതുജനങ്ങളുമായി ഇടപഴകുന്നില്ലെന്നും രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും മുന്‍കരുതലുകള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. വീടുകളില്‍  പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് താമസിക്കാന്‍ സൗകര്യമില്ലാത്തവരെ ഡോമിസിലിയറി സെന്ററുകളിലേക്ക് മാറ്റണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു  നല്‍കണം. കോവിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങുന്നതിനും  ജനസംഖ്യാ അനുപാതത്തില്‍ പരിശോധന നടത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ തദ്ദേശ സ്ഥാപന മേഖലയിലും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പരിശോധന നടത്താനാകും. തദ്ദേശ സ്ഥാപന മേഖലയില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ രണ്ടാഴ്ച്ചയില്‍ ഒരിക്കലെങ്കിലും കോവിഡ് പരിശോധന നടത്തുന്നത്  കൃത്യസമയത്ത് ഇടപെടുന്നതിനും രോഗവ്യാപനം തടയുന്നതിനും ഉപകരിക്കും.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും  പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ശ്രദ്ധയുണ്ടാകണം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അവര്‍ക്ക് ആശങ്കകളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അത് പരിഹരിക്കുകയും വേണം. ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ നിര്‍ണയിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമായ പിന്തുണ നല്‍കണം. മഴയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അവിടെ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

കോവിഡിനെതിരായ പോരാട്ടത്തില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇതുവരെ വഹിച്ച പങ്ക് നിര്‍ണായകമാണ്. തുടര്‍ന്നും ജാഗ്രതയില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. ചെറുപ്പക്കാര്‍ പോലും കോവിഡ് ബാധിച്ച് മരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണം. ജില്ലയിലെ നിലവിലെ സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജന യോഗത്തില്‍ വിശദമാക്കി. രോഗവ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ അതത് മേഖലകളിലെ സ്ഥിതിഗതികള്‍ വിവരിച്ചു. തദ്ദേശ സ്ഥാപന തലത്തില്‍  ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള കാലവര്‍ഷ ദുരന്തനിവാരണ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പു വരുത്തണം.

ദുരന്തം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളെയും മുന്‍ഗണനാ പട്ടികയിലുള്ള ജനവിഭാഗങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും അടിയന്തര സാഹചര്യത്തില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയും വേണം. ഒഴിപ്പിക്കല്‍ ആവശ്യമായിവരുന്ന സാഹചര്യത്തില്‍ ഈ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ആദ്യ പരിഗണന നല്‍കണം. ക്യാമ്പുകള്‍ സജ്ജീകരിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും മറ്റ് ആളുകള്‍ക്കുമായി രണ്ടു വിഭാഗം ക്യാമ്പുകളാണ് ഇത്തവണ സജ്ജീകരിക്കേണ്ടത്. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ ക്യാമ്പുകളിലേക്ക് മാറ്റരുത്. ഇവര്‍ക്ക് കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണം. മരങ്ങളും ശിഖരങ്ങളും വൈദ്യുതി കമ്പികളും വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതകള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഓടകളിലെയും നദികളിലെയും തടസങ്ങള്‍ നീക്കം ചെയ്യണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം ആശ സി.ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.