ഈരാറ്റുപേട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം,3 പേർക്ക് പരിക്ക്.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് പരിക്ക്. നഗരസഭയുടെ ഫണ്ട് വിതരണത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കി എന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെയ്ക്കുകയും ചെയർഡൈസിന്റെ അടുത്തേക്ക് എത്തുകയും ചെയ്തതോടെ ഭരണപക്ഷ അംഗങ്ങൾ രംഗത്തിറങ്ങുകയും കൗൺസിൽ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിനാണ് ഭരണപക്ഷ അംഗങ്ങൾ തങ്ങളെ മർദ്ദിച്ചതെന്ന് പ്രതിപക്ഷവും ചെയർപേഴ്സനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് ഭരണപക്ഷവും പറയുന്നു. സംഘർഷത്തിൽ യുഡിഎഫ് കൗൺസിലർമാരായ അൻസാർ,റിയാസ് എന്നിവർക്കും സിപിഎം കൗൺസിലർ സജീറിനും പരിക്കേറ്റു. സജീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ ഏറ്റവും മോശമായി കിടക്കുന്ന നഗരസഭ റോഡുകളായ കൊട്ടുകപ്പള്ളി റോഡ്,മാതാക്കൽ റോഡ്, മുരിക്കോലി റോഡ്,വക്കാപറമ്പ് റോഡ്,കാരക്കാട് റോഡ് എന്നിവക്ക് 44 ലക്ഷത്തിലധികം രൂപ പ്ലാൻ ഫണ്ടിൽ നിന്നും നീക്കി വെക്കാൻ തീരുമാനിക്കുകയും ബാക്കിയുള്ള തുക ഭരണ പ്രതിപക്ഷ മെമ്പർമാർക്ക് തുല്യമായി (202400) തുല്യമായി വീതിക്കുവാൻ കഴിഞ്ഞ കൗൺസിൽ ഒരുമിച്ചു തീരുമാനിക്കുകയും ചെയ്തിരുന്നു എന്ന് നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ പറഞ്ഞു. എന്നാൽ കഴിഞ്ഞ തവണയും തർക്കങ്ങൾ നടന്നിരുന്നതിനാൽ ഫണ്ട് വിതരണത്തിൽ ചർച്ച നടന്നിരുന്നില്ല എന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഇന്ന് അടിയന്തരമായി കൗൺസിൽ യോഗം വിളിച്ചു ചേർക്കുകയും യോഗം തുടങ്ങിയപ്പോൾ തന്നെ തർക്കങ്ങൾ ഉടലെടുക്കുകയുമായിരുന്നു എന്ന് നഗരസഭാ ചെയർ പേഴ്സൺ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നഗരസഭാ ചെയർപേഴ്സന്റെ മൈക്ക് പിടിച്ചുവാങ്ങി നിലത്തടിക്കുകയും നടപടി ക്രമങ്ങൾ വായിച്ചുകൊണ്ടിരുന്ന സ്റ്റാഫ്‌ അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾ യാത്ര ദുരിതം അനുഭവിക്കുന്ന റോഡുകൾക്കുള്ള പണം കൂടുതൽ അനുവദിച്ചു എന്ന് ആരോപിച്ചു പ്രതിപക്ഷ മെമ്പർമാർ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുകയും കൗൺസിൽ യോഗം അലങ്കോലപെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. നഗരസഭയിലെ വസ്തുക്കൾ നശിപ്പിച്ചതിനെതിരെ നഗരസഭ പോലീസിൽ പരാതി നൽകി.