എരുമേലി: എരുമേലിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി കരിങ്കല്ലുംമൂഴി പൊര്യന്മല കാരിക്കൊമ്പില്‍ ബാലന്‍ പിള്ളയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന് ഉച്ചഭക്ഷണം എത്തിക്കാനായി പോയ യുവാവാണ് ബാലന്‍ പിള്ളയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവജന സംഘടനാ പ്രവർത്തകരാണ് 4 ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തത്. കാല്‍നട യാത്രക്ക് പോലും ദുസഹമായ ഇടവഴിയിലൂടെ മൃതദേഹം റോഡിൽ ആംബുലൻസിലേക്ക് എത്തിച്ചത് യൂത്ത് കെയര്‍ ജനറൽ കൺവീനർ ബിനു മറ്റക്കര, അസ്ഹര്‍ കറുകാഞ്ചേരില്‍, എംഇഎസ് യൂത്ത്‌വിങ് നേതാവായ സലീല്‍ ടി പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. യുവജന സംഘടനാ പ്രവർത്തകർ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം വീട്ടിൽ നിന്നും ആംബുലൻസിലേക്ക് എത്തിച്ചത്. പഞ്ചായത്തു മെമ്പര്‍മാരായ ലിസി സജി, വി ഐ അജി യൂത്ത് കെയര്‍ നേതാക്കളായ പി കെ കൃഷ്ണകുമാര്‍, റിന്‍സ് വടക്കേടത്ത്, സിജി മുക്കാലി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.