കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീട് തകർന്നു, കാഞ്ഞിരം പാലത്തിനടിയിൽ അഭയം തേടിയ കുടുംബത്തിന് സഹായ ഹസ്തവുമായി യാക്കോബായ സഭ.


തിരുവാർപ്പ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരം പാലത്തിനടിയിൽ അഭയം തേടിയ കുടുംബത്തിന് സഹായ ഹസ്തവുമായി യാക്കോബായ സഭ.

തിരുവാർപ്പ് മലരിക്കൽ അടിവാക്കൽചിറയില്‍ താമസിക്കുന്ന ഷാജിയും രജനിയും ആണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടതോടെ കാഞ്ഞിരം പാലത്തിനടിയിൽ പില്ലറിന്റെ  പ്ലാറ്റ് ഫോമിൽ അഭയം തേടിയത്. കഴിഞ്ഞ ഒരാഴ്ചയായി ഷാജിയും കുടുംബവും ഇവിടെയാണ് താമസിച്ചു വരുന്നത്. കുടുംബത്തിന്റെ ദുരവസ്ഥ കേട്ടറിഞ്ഞ യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലകസന്ത്റയോസ് തിരുമേനി വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയും ഇവരുടെ തകർന്ന വീട് സന്ദർശിക്കുകയും ചെയ്തു.

മഴക്കാലം ശക്തമാകുന്നതിനാലും സുരക്ഷിത ഭവനം തീർക്കുന്നതിനായി വീടിന്റെ നിർമ്മാണം ഇന്ന് തന്നെ ആരംഭിക്കുകയായിരുന്നു. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ  അജയൻ കെ മേനോന്‍, സ്ഥിരം സമിതി അധ്യക്ഷൻ അജയ് കെ. ആർ, വാർഡ് മെമ്പർ അനീഷ് എന്നിവരും തിരുമേനിക്കൊപ്പം ഉണ്ടായിരുന്നു.