കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വീടിനു മുകളിലേക്ക് വീണത് 3 മരങ്ങൾ. കോട്ടയം പുത്തനങ്ങാടി എരുത്തിക്കൽ തായിച്ചേരി ശശിധരന്റെ വീടിനു മുകളിലേക്കാണ് സമീപത്തെ 3 മരങ്ങൾ വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ ഭൂവനേശ്വരി അമ്പലത്തിലെ ആൽ മരവും, സമീപത്തെ വീട്ടിലെ തേക്കും, മറ്റൊരു വീട്ടിലെ തെങ്ങുമാണ് ഇവരുടെ വീടിനു മുകളിലേയ്ക്കു മറിഞ്ഞു വീണത്.
കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മരം വീഴുന്ന ശബ്ദം കേട്ടത്. ഉടൻ തന്നെ വീടിനുള്ളിൽ നിന്നും ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ വീട് പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞെത്തിയ എസ്എൻഡിപി ശാഖ സെക്രട്ടറിയും കേരള കോൺഗ്രസ്(എം)വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ രാഹുൽ രഘുനാഥിന്റ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തി ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ചു. സ്ഥലം ചാഴികാടൻ എം പി സന്ദർശിച്ചു. ഇവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നു തോമസ് ചാഴികാടൻ എം.പി ഉറപ്പ് നൽകി.