മഴ ശക്തം: മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു,കൃഷിയിടങ്ങളിൽ വെള്ളം കയറി, ഉച്ചയോടെ ശമിച്ച മഴ വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ചു.


മണിമല: ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതിനാലാണ് മണിമലയാറ്റിലും മീനച്ചിലാറ്റിലും പമ്പയാറിലും ജലനിരപ്പ് ഉയരുന്നതിനു കാരണം. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പഴയിടം കോസ് വേ പാലം വെള്ളം കയറുന്ന നിലയിലായി.

മണിമലയാറിനു തീരത്തുള്ള താഴ്ന്ന മേഖലകളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. എരുമേലി,പഴയിടം,മണിമല തുടങ്ങിയ മേഖലകളിൽ ആറിന് സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ ഉച്ചയോടെ ശമിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. പമ്പയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.