കാലവർഷ ദുരന്ത നിവാരണം:ജില്ലയിലെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കണം;വി എൻ വാസവൻ.


കോട്ടയം: കാലവർഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ ബാക്കി നിൽക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നു സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി. കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവർഷം അടുത്ത ആഴ്ച്ചയോടെ ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ദുരിതാസൗസ ക്യാമ്പാകുകൾ സജ്ജമാക്കുമ്പോൾ കോവിഡ് പ്രതിരോധം ഉറപ്പാക്കണമെന്നും വി എൻ വാസവൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാ പ്രവർത്തനനത്തിനു ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2020 ലെ ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ,ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവയ്ക്ക് പകരം സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുള്ളതായി യോഗം വിലയിരുത്തി. കാലാവർഷത്തിനു മുൻപ് നെല്ല് സംഭരണം വേഗത്തിലാക്കുന്നതിനു പാഡി ഓഫീസർക്ക് നിർദ്ദേശം നൽകിയതായും വി എൻ വാസവൻ പറഞ്ഞു. അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനും കൈത്തോടുകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും നടപടികൾ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സ്വീകരിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ കെഎസ്ഇബി അധികൃതർ ശ്രദ്ധിക്കണമെന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുമ്പോൾ വളർത്തു മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ എം അഞ്ജന വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.