കോട്ടയം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് എല്ലാ മണ്ഡലത്തിലും മൂന്നു ഹാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഹാളിലും ഏഴ് മേശകള്‍ വീതം ആകെ 21 മേശകള്‍. എല്ലാ മേശകളിലും ഓരോ ബൂത്തു വീതം എണ്ണിക്കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുക. ജില്ലയില്‍ ആകെ 189 വോട്ടെണ്ണല്‍ മേശകളാണുള്ളത്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ 14 റൗണ്ടുകളും ചങ്ങനാശേരി, ഏറ്റുമാനൂര്‍, പുതുപ്പള്ളി മണ്ഡലങ്ങളില്‍ 13 റൗണ്ടുകളും വൈക്കത്തും കോട്ടയത്തും 12 റൗണ്ടുകളുമാണുള്ളത്. ഒരു മേശയില്‍ ഒരു മൈക്രോ ഒബ്സര്‍വറെയും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറെയും ഒരു കൗണ്ടിംഗ് അസിസ്റ്റന്‍റിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ കൗണ്ടിംഗ് ഹാളിനും ഒരു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുണ്ട്. എല്ലാ മേശയിലും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരും ഉണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍നിന്നും അംഗീകരിച്ചു വന്ന കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്നും മൂന്നു റാന്‍ഡമൈസേഷന്‍ നടത്തിയാണ് ഓരോ കൗണ്ടിംഗ് മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. വോട്ടെണ്ണലില്‍ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലയും ഇവരെ നിയോഗിക്കുന്ന മണ്ഡലവും തീരുമാനിക്കുന്ന ആദ്യ രണ്ട് റാന്‍ഡമൈസേഷനുകള്‍ പൂര്‍ത്തിയായി. ഇന്നു(മെയ് 2) രാവിലെ 6.30ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ മേശ തീരുമാനിക്കുന്ന മൂന്നാമത്തെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ വരണാധികാരിയോ ഉപ വരണാധികാരിയോ നിര്‍വഹിക്കും. ഓരോ മേശയിലും എത്തിക്കേണ്ട കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത് എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ചാര്‍ട്ട് ഇന്നു രാവിലെ കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് കൊടുക്കുകയും അതത് മേശകളില്‍ പതിക്കുകയും ചെയ്യും.
തപാല്‍ വോട്ടുകള്‍:
ട്രഷറികളില്‍ സൂക്ഷിച്ചിട്ടുള്ള തപാല്‍ വോട്ടുകള്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പോലീസ് കാവലിലാണ് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുക. ഈ നടപടികളുടെ വീഡിയോ ഡോക്യുമെന്‍റേഷനും നടത്തും. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി ഏഴു മേശകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍റുമാരും ഒരു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും ഒരു മൈക്രോ ഒബ്സര്‍വറും സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്‍റുമാരും ഉണ്ടായിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ നിരാകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം വരണാധികാരിയുടേതായിരിക്കും.
വോട്ടെണ്ണല്‍:
രാവിലെ എട്ടിന് തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തപാല്‍ ബാലറ്റുകള്‍ അടങ്ങിയ കവറുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വരണാധികാരി തുറക്കും. സ്ട്രോംഗ് റൂമില്‍നിന്നും കണ്‍ട്രോള്‍ യൂണിറ്റും പോളിംഗ് ബൂത്തിലെ നടപടികളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടായ 17 സി ഫോറവുമാണ് വോട്ടെണ്ണല്‍ മേശകളില്‍ എത്തിക്കുക. ഇവ സീല്‍ ചെയ്തിട്ടുണ്ടെന്ന് കൗണ്ടിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പാക്കും. 8.30ഓടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെയെന്ന് ഉറപ്പാക്കിയശേഷമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുക. ഈ വോട്ടുകളുടെ വിശദാംശങ്ങള്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തും. ഓരോ യന്ത്രത്തിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ റിസള്‍ട്ട് ഷീറ്റില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസറും കൗണ്ടിംഗ് എജന്‍റുമാരും ഒപ്പിട്ട് വരണാധികാരിക്ക് സമര്‍പ്പിക്കും. ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 21 മേശകളിലെയും വോട്ടെണ്ണല്‍ ഫലം തയ്യാറാക്കി വരണാധികാരി വേദിയില്‍ പ്രസിദ്ധീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ എന്‍കോര്‍ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യും. എല്ലാ റൗണ്ടുകളും പൂര്‍ത്തിയായശേഷം റാന്‍ഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പ്രത്യേക കൗണ്ടറില്‍ എണ്ണും.