കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ വരുന്ന ദിവസങ്ങളിൽ രോഗ വ്യാപനം തീവ്രമായേക്കാം എന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. പ്രതിദിനം 4000 രോഗബാധിതർ വരെ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. കോട്ടയം ഉൾപ്പടെ 6 ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യത. കോട്ടയം,തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ,തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കോവിഡ് വ്യാപനം തീവ്രമാകാൻ സാധ്യത നിലനിൽക്കുന്നത്. ലോക്ക് ഡൗൺ വേണമെന്ന് ആരോഗ്യ സംഘടനകളും വിദഗ്ധരും അഭിപ്രായപ്പെടുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. കോട്ടയം ജില്ലയിൽ 14722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 130671 പേര് കോവിഡ് ബാധിതരായി. 115062 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61702 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.
കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായേക്കാം,ജില്ലയിൽ ഗുരുതര സാഹചര്യം;വിദഗ്ധ സംഘം.