കോട്ടയത്തിന്റെ വികസന കാര്യങ്ങളിൽ പുതിയ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ എംഎൽഎ യും ഒപ്പം കോട്ടയവും.


കോട്ടയം: തെരഞ്ഞെടുപ്പ് വേളയിൽ കോട്ടയം നിയോജക മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കോട്ടയത്തിന്റെ വികസന മുരടിപ്പ്. ആകാശ നടപ്പാതയുടെ നിർമ്മാണം നിലച്ചതും കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ് നവീകരണം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതുമുൾപ്പടെ നിരവധി വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ ഉയർന്നു വന്നിരുന്നത്. കോട്ടയത്ത് വികസനമെത്താഞ്ഞത് എംഎൽഎ യുടെ കഴിവ് കേടാണെന്നും ആണ് എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ കോട്ടയത്ത് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ ഒരു രൂപ പോലും അനുവദിച്ചിരുന്നില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. വീണ്ടും ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ വികസന കാര്യങ്ങളിൽ പുതിയ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എംഎൽഎ യും ഒപ്പം കോട്ടയവും. ആകാശ നടപ്പാത, കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ്, കോടിമത രണ്ടാം പാലം,കച്ചേരിക്കടവ് ബോട്ട്ജെട്ടി നവീകരണം തുടങ്ങി നിരവധി പദ്ധതികളാണ് പൂർത്തീകരണം കാത്ത് കിടക്കുന്നത്. പരാധീനതകൾക്ക് നടുവിൽ നവീകരണം കാത്ത് വീർപ്പുട്ടി കഴിയുകയാണ് കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 91 ലക്ഷം രൂപ ചെലവഴിച്ചു ബസ്സ് ടെർമിനലും യാർഡും നവീകരിക്കുമെന്നു പ്രഖ്യാപിച്ചു നിർമ്മാണ ഉത്‌ഘാടനം 2020 നവംബർ 6 നു നിർവ്വഹിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ തർക്കങ്ങൾക്കിടയിൽ കിടന്നു വീർപ്പുമുട്ടുകയാണ് ബസ് സ്റ്റാൻഡിന്റെ വികസനമെന്ന ജീവനക്കാരും യാത്രക്കാരും ഒരേ സ്വരത്തിൽ പറയുന്നു. ഇത് തന്നെയായിരുന്നു തിരുവഞ്ചൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രയോഗിച്ചതും. കാൽനടയാത്രക്കാർക്ക് റോഡ്‌ മുറിച്ചു കടക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ആശയം മുൻപോട്ടു വച്ചത്. എന്നാൽ ആദ്യ പ്രളയത്തെ തുടർന്ന് പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു.