കുറവിലങ്ങാട് 400 കെ വി സബ് സ്റ്റേഷനിലേക്ക് വന്ന ട്രെയിലർ റോഡിൽ കുടുങ്ങിയ പ്രതിസന്ധി ഒഴിവാക്കാൻ എംഎൽഎ ഇടപെട്ട് പരിഹാര നടപടി സ്വീകരിച്ചു.


കുറവിലങ്ങാട്: കേരളത്തിലെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിലേക്ക് കൊണ്ട് വന്ന കൂറ്റൻ ട്രാൻസ്ഫോർമറുകൾ വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് കുറവിലങ്ങാട് -പകലോമറ്റം-നസ്രത്ത് ഹിൽ റോഡിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കൂടിയാലോചന നടത്തുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

ഇതുപ്രകാരം പകലോമറ്റം - ഞരളംകുളം- നസ്രത്ത് ഹിൽ റോഡിൽ പാലത്തോട് ചേർന്നുള്ള ഭാഗം മുതൽ അൽപ്പദൂരം താൽക്കാലികമായി  ഉയർത്തുന്നതിനാണ് ഒരു നിർദ്ദേശം. ഇതിനോടൊപ്പം മണ്ണിട്ട് ഉയർത്തി സബ്സ്റ്റേഷനിലേക്ക് പോകാൻ നിർമ്മിച്ച താൽക്കാലിക റോഡിന്റെ ഉയരം കുറയ്ക്കുന്നതിന് ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചു. കെഎസ്ഇബി ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിനിടയിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ ഉയരം കുറക്കേണ്ടി വന്നാൽ ഇക്കാര്യം നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

പിഡബ്ല്യുഡി റോഡിൽ വരുത്തുന്ന മാറ്റങ്ങൾ കെഎസ്ഇബി തുടർന്ന് പുനക്രമീകരിച്ച് കൊടുക്കാൻ എംഎൽഎ നിർദ്ദേശിച്ചു. ഇതോടൊപ്പം സബ്സ്റ്റേഷന്റെ റോഡിന്റെ സൈഡിലുള്ള മണ്ണ് ആവശ്യമനുസരിച്ച് നീക്കം ചെയ്യുന്നതിനും ധാരണയായി. ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്ന പരിഹാരം ഉണ്ടാക്കുന്നതിനും ട്രാൻസ്ഫോർമർ കൊണ്ടുവന്ന ട്രെയിലർ റോഡിൽനിന്ന് കടത്തിവിടാനുള്ള തീരുമാനമാണ് മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ കൈക്കൊണ്ടത്. ഈ നിർദ്ദേശങ്ങൾക്ക് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകുമെന്ന് പ്രാദേശിക ചുമതലക്കാർ വ്യക്തമാക്കി. അടിയന്തിരമായി ഇക്കാര്യം പ്രാവർത്തികമാക്കാൻ കഴിയുന്ന വിധത്തിലാണ്  തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. കുറവിലങ്ങാട് സബ്സ്റ്റേഷൻ റോഡിന്റെ വികസനവും അനുബന്ധ കാര്യങ്ങളും   സംബന്ധിച്ച് സ്ഥലവാസികൾ മോൻസ് ജോസഫ് എംഎൽഎക്ക് നിവേദനം സമർപ്പിച്ചു. ഇക്കാര്യം നിയമസഭാ സമ്മേളനത്തിന് ശേഷം ബന്ധപ്പെട്ട വിവിധ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പ്രത്യേകം ചർച്ച ചെയ്ത് ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് എംഎൽഎ ഉറപ്പ് നൽകി.  കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ബേബി തൊണ്ടാംകുഴി, ടെസ്സി സജീവ്, തോമസ് കണ്ണന്തറ, ജോർജ് ചെന്നേലി, ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, സനോജ് മിറ്റത്താനി, ജീൻസൺ ചെറുനിലം തുടങ്ങിയവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.