ഏറ്റുമാനൂർ: ഏറ്റുമാനൂരെ 7624 വോട്ടുകൾക്ക് ഞാൻ എഴുപതിനായിരത്തിലേറെ വോട്ടുകളുടെ വില കല്പിക്കുന്നു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടിയതായിരുന്നു ലതികാ സുഭാഷ്. യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയുമായിരുന്നു. കൊടിയടയാളമോ പാർട്ടിയുടെ പിൻതുണയോ മുന്നണിയുടെ പിൻബലമോ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോ ഇല്ലാതെയാണ് ജനങ്ങളെ സമീപിച്ചതെന്നും ഒരുപാടുപേരുടെ സഹകരണവും പ്രാത്ഥനയും തനിക്കൊപ്പം ഉണ്ടായിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു. കൺവെൻഷനുകളോ കുടുംബയോഗങ്ങളോ സ്ക്വാഡു വർക്കുകളോ ഇല്ലാതെ ബ്ലോക്ക് - മണ്ഡലം - ബൂത്തു കമ്മിറ്റികളില്ലാതെ സൈബർ പോരാളികളുടെ നീചമായ തെറിയഭിഷേകത്തെ ചെറുക്കാൻ പോരാളികളില്ലാതെ ദൈവ കൃപ കൊണ്ടു ലഭിച്ചതാണ് ഈ വോട്ടുകൾ എന്നും ലതികാ സുഭാഷ് പ്രതികരിച്ചു. പതിനാറാമത്തെ വയസ്സുമുതൽ പോരാടിയത് കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. പഞ്ചായത്തു മുതൽ പാർലമെന്റു വരെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണ്ണയ ഘട്ടങ്ങളിൽ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതൃത്വം സ്ത്രീകളെ പാടേ അവഗണിക്കുന്നത് കണ്ടു മടുത്ത ഒരു പ്രവർത്തകയായിരുന്നു, മഹിളാ കോൺസ്സിനോടു കാട്ടിയ അനീതിയ്ക്കെതിരെ യാണ് പോരാട്ടം നടത്തിയത്. പാർട്ടിയോഫീസിനകത്തോ പുറത്തോ പാർട്ടിയ്ക്കോ പ്രവർത്തകർക്കോ അപമാനമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അന്നുവരെ ചെയ്തിട്ടില്ല എന്നും പൊതുപ്രവർത്തക എന്ന നിലയിൽ ഇനിയും സംശുദ്ധമായ വഴിയിലൂടെയേ സഞ്ചരിക്കൂ എന്നും ലതികാ സുഭാഷ് പറഞ്ഞു. ഏതു രംഗത്തെയും ഓരോ വനിതയ്ക്കും വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്. ലതികാ സുഭാഷ് എന്ന വ്യക്തിയ്ക്കു വേണ്ടിയായിരുന്നില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂരെ 7624 വോട്ടുകൾക്ക് ഞാൻ എഴുപതിനായിരത്തിലേറെ വോട്ടുകളുടെ വില കല്പിക്കുന്നു;ലതികാ സുഭാഷ്.