വൈക്കം: സൗന്ദര്യ മത്സരത്തിന്റെ ലോക വേദിയായ മിസ് ട്രാൻസ് ഗ്ലോബൽ 2021 സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു മത്സരിക്കാനൊരുങ്ങുകയാണ് കോട്ടയം വൈക്കം വൈക്കം സ്വദേശിനിയായ ട്രാൻസ് വനിത ശ്രുതി സിത്താര(29). അവഗണനയുടെയും പരിഹാസം നിറഞ്ഞ നോട്ടങ്ങൾക്കുമപ്പുറം നേട്ടങ്ങൾ സ്വന്തമാക്കാൻ കുതിക്കുകയാണ് ശ്രുതി സിത്താര. അവഗണിച്ചവർ പോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും അതിലുമുപരി അഭിമാനവുമുണ്ടെന്നു ശ്രുതി പറയുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി കഴിഞ്ഞ വർഷം മുതലാണ് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യ മത്‌സരം ആരംഭിച്ചത്. ജൂൺ മാസത്തിൽ ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായാണ് സൗന്ദര്യ മത്‌സരം നടക്കുന്നത്. മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യ 2021 ടൈറ്റിൽ ലഭിച്ചതോടെയാണ് സിത്താരയ്ക്ക് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി ട്രാൻസ് വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു മാസം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് ശ്രുതി വിജയിയായത്. എറണാകുളം ചക്കരപ്പറമ്പിൽ താമസിക്കുന്ന ശ്രുതിയുടെ സ്വദേശം വൈക്കമാണ്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് തന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാനാകുന്നതെന്നും വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതെന്നും ശ്രുതി പറഞ്ഞു. പവിത്രനും പരേതയായ രാധയുമാണ് ശ്രുതിയുടെ മാതാപിതാക്കൾ. ശ്രുതിയുടെ സ്‌കൂൾ വിദ്യാഭ്യാസം കോട്ടയം വടവാതൂർ ജവഹർ നവോദയ സ്‌കൂളിലായിരുന്നു. എറണാകുളം സെന്റ്.ആൽബെർട്സ് കോളേജിൽ നിന്നും ബികോം ബിരുദവും ശ്രുതി സ്വന്തമാക്കിയിട്ടുണ്ട്. ക്വീൻ ഓഫ് ദയ 2018 ലും ശ്രുതി ടൈറ്റിൽ നേടിയിട്ടുണ്ട്. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സമൂഹമാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ നേരിട്ടതിനെ തുടർന്നാണ് സാമൂഹിക നീതി വകുപ്പിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ജോലിയിൽ നിന്നും മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ശ്രുതി പറഞ്ഞു. മോഡലിങിനൊപ്പം അഭിനയത്തിലും സജീവമാണ് ഇന്ന് ശ്രുതി. നിരവധിപ്പേരുമായി അഭിപ്രായങ്ങൾ പങ്കുവെച്ചതും ആശയങ്ങൾ സ്വീകരിച്ചുമാണ് മത്സരത്തിനായി ഒരുങ്ങുന്നതെന്നു ശ്രുതി പറഞ്ഞു. എല്ലാവർക്കുമൊപ്പം സമൂഹത്തിനൊപ്പം ഒന്നായി നടക്കാനാണ് തങ്ങളെപ്പോലുള്ളവരും ആഗ്രഹിക്കുന്നത് എന്നും ശ്രുതി പറഞ്ഞു.
മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് കോട്ടയം വൈക്കം സ്വദേശിനിയായ ട്രാൻസ് വനിത ശ്രുതി സിത്താര.