ശക്തമായ വേനൽമഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച മേഖലകളിൽ മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി.


കടുത്തുരുത്തി: ശക്തമായ വേനൽമഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച മേഖലകളിൽ മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി. മരങ്ങാട്ടുപള്ളി,കുറവിലങ്ങാട്,ഉഴവൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളാണ് എംഎൽഎ സന്ദർശിച്ചത്. മണ്ണക്കനാട് മഞ്ചേരികുന്നിൽ വീട് തകർന്ന സണ്ണി ജോർജിന്റെയും, സിബു മാണി മുളങ്ങാട്ടിൽ, ജയൻ കല്ലുങ്കായിലിന്റെയും വീടുകളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. വിവിധ പഞ്ചായത്തുകളിൽ ഉണ്ടായ നാശ നഷ്ടത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തി സർക്കാരിലേക്ക് റിപ്പോർട്ട് ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം മുടങ്ങിയ സ്ഥലങ്ങളിൽ സേവനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി എൻജിനീയർമാരുമായി ചർച്ച ചെയ്യുകയും ചെയ്തു. വീടുകൾ തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാനും കൃഷി നശിച്ചവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. വിവിധ നേതാക്കളായ കെ.വി മാത്യു, മാർട്ടിൻ പന്നിക്കോട്ടിൽ, ജോയി ഇടത്തിനാൽ, ജെയിൻ തുണ്ടത്തിൽ, നോബിൾ ആരംപുളിക്കൽ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.