വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന മാറൊഴുക തോട്ടിലെ തടയണ നീക്കം ചെയ്യണം; മോൻസ് ജോസഫ്.


കുറവിലങ്ങാട്: കാളികാവ്-വയലാ റോഡിൽ മാറൊഴുക പാലത്തിന് സമീപം തോട്ടിൽ വർഷങ്ങൾക്ക് മുമ്പ് അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന തടയണ മൂലം എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇപ്രാവശ്യത്തെ കാലവർഷത്തിന് മുമ്പായി മാറൊഴുക തടയണ നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ഓൺലൈൻ കോൺഫ്രൻസിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

മൈനർ ഇറിഗേഷൻ  വിഭാഗവും കൃഷി വകുപ്പും ഇക്കാര്യം നേരിട്ട് പരിശോധിച്ച ശേഷം ആവശ്യമായ തീരുമാനം കൈക്കൊളളാമെന്ന ധാരണയാണ് യോഗത്തിലുണ്ടായത് എന്ന് എംഎൽഎ പറഞ്ഞു. ഇതു പ്രകാരം ഇരു വിഭാഗവും സ്ഥലം സന്ദർശിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തടയണ നീക്കം ചെയ്യേണ്ടതാണെന്ന് ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ട് മൈനർ ഇറിഗേഷൻ കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുശീല രാജഗോപാൽ, കോട്ടയം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ആന്റണി ജോർജ് എന്നിവർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തടയണ നിർമ്മിച്ചത് മൈനർ ഇറിഗേഷനോ കൃഷി വകുപ്പോ അല്ലെന്ന് രണ്ട് വകുപ്പ് അധികൃതരും വ്യക്തമാക്കി. കൃഷിക്കാർക്ക് ഉപകാരമുള്ള തടയണ മാറൊഴുക തോട്ടിൽ നേരത്തെ നിർമ്മിച്ചിട്ടുള്ളത് നീരൊഴുക്ക് തടസ്സപ്പെടാത്ത വിധത്തിലാണ്. ഇതിന്റെ  തൊട്ടടുത്താണ് അനാവശ്യമായി ആർക്കും പ്രയോജനമില്ലാതെ മറ്റൊരു കോൺക്രീറ്റ് തടയണ തോടിന് കുറുകെ ഭീമാകാരമായ നിലയിൽ നിർമ്മിച്ച് വെച്ചത്. ഇതേ തുടർന്ന് മുൻ വർഷങ്ങളിലെല്ലാം മഴക്കാലത്ത് മാറൊഴുക  ഭാഗം മുതൽ വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. സമീപത്തുള്ള ക്ഷേത്രത്തിലും വീടുകളിലും വെള്ളം കയറി മൂടുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കൃഷിനാശം നിത്യ സംഭവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സ്ഥലവാസികളുടെ ആവശ്യം കണക്കിലെടുത്താണ് കഴിഞ്ഞ പ്രളയ സമയത്ത് മോൻസ് ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ വകുപ്പുകൾ തമ്മിലുള്ള അവ്യക്തത പരിഹരിക്കാൻ കഴിയാത്ത സാഹചര്യം മൂലം തടയണ നീക്കം ചെയ്യാൻ കഴിയാത്ത സ്ഥിതി തുടരുന്നത് മൂലമാണ് ജില്ലാ കലക്ടർ ഇടപെട്ട് വിവിധ വകുപ്പുകളുമായി സംസാരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാൻ നിർദേശിച്ചതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ ഇക്കാര്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. ജില്ലാ കളക്ടർ എം. അഞ്ജനയും വിവിധ വകുപ്പ് അധികൃതരുമായി ഇതു സംബന്ധിച്ച കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ധാരണയാക്കിയതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.