കടുത്തുരുത്തി: പതിനഞ്ചാം കേരള നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായി മോൻസ് ജോസഫ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് നിയമസഭാ കക്ഷി സെക്രട്ടറി സ്ഥാനത്തേക്ക് പി സി വിഷ്ണുനാഥ് എംഎല്‍.എ യെ തെരഞ്ഞെടുത്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ജേക്കബ്ബ് എംഎല്‍എയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയിലെ യുഡിഎഫ് എംഎല്‍എ മാരുടെ പ്രഥമ യോഗത്തിലാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് മുസ്ലീംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഘടക കക്ഷി നേതാക്കളായ അനൂപ് ജേക്കബ്ബ് എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പതിനഞ്ചാം കേരള നിയമസഭയില്‍ ക്രീയാത്മക പ്രതിപക്ഷമായി യുഡിഎഫ് നെ ശക്തിപ്പെടുത്താന്‍ മുഴുവന്‍ എംഎല്‍എ മാരുടെയും ഒറ്റക്കെട്ടായ സഹകരണം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎല്‍എ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.