കോട്ടയം: നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ ടാറിങ് ജോലികൾക്കായി എത്തിയ ടോറസ് മേൽപ്പാലത്തിനു മുകളിലെ ബീമിലിടിച്ചു നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാത്രി 8 മണിയോടെയായിരിന്നു അപകടം സംഭവിച്ചത്. മേൽപ്പാലത്തിന്റെ ബീമിലിടിച്ചു വാഹനം മറിയുന്നതിനിടെ ഡ്രൈവർ ചാടിയിറങ്ങിയതിനാൽ അപകടം ഒഴിവായി.
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ ഇരു ഭാഗത്തെയും പ്രവേശന പാതയിൽ രൂപപ്പെട്ട കട്ടിങ് ടാർ ചെയ്യുന്നതിനായുള്ള ജോലികൾ നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ചെറുവാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കി ഇടിഞ്ഞു താഴുന്ന നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ ഉയർത്തുന്നതുമായി ബന്ധപ്പെട്ട ജോലികളായിരുന്നു നടന്നിരുന്നത്. ഇതിനായി ടാർ ഇറക്കുന്നതിനിടെ ടോറസിന്റെ മുകൾ വശം മേൽപ്പാലത്തിന്റെ മുകളിലെ ബീമിൽ ഇടിക്കുകയും നിയന്ത്രണം നഷ്ട്ടപ്പെട്ട ടോറസ് മറിയുകയുമായിരുന്നു.
നാഗമ്പടം റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിനു ശേഷം സമീപന പാത ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് പല തവണ ടാർ ചെയ്തു ഉയർത്തിയിരുന്നു. നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ ഇടഞ്ഞു താഴ്ന്നത് ചെറുവാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നത് സംബന്ധിച്ച് ഏപ്രിൽ 10 നു കോട്ടയം ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ കട്ടിങ്ങിൽ ഇടിച്ചു കയറിയാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയത്തെത്തിയ എംപി തോമസ് ചാഴികാടൻ ഇ മാസം 26 നു പാലം സന്ദർശിക്കുകയും അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് അടിയന്തര പ്രാധാന്യം നൽകി ഉയർത്തും എന്ന് പറയുകയും ഇത് സംബന്ധിച്ച് നിർദ്ദേശം റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാത്രി പാലത്തിൽ ടാറിങ് ജോലികൾ ആരംഭിച്ചത്. രാത്രിയും ലോക്ക് ഡൗൺ ആയതിനാലും വാഹനത്തിരക്ക് കുറവായതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി. മറിഞ്ഞ ടോറസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുവാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.