കോട്ടയം: നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ ഇടിഞ്ഞു താഴ്ന്ന പ്രവേശന പാതകൾ ടാർ ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ടാറിങ് ജോലികൾ നടന്നത്. ചെറുവാഹനങ്ങൾക്കു ഭീഷണിയായിരുന്ന പാലത്തിന്റെ ഇരുഭാഗത്തെയും പ്രവേശന പാതകൾ ടാർ ചെയ്തു ഉയർത്തുന്ന ജോലികളാണ് നടന്നത്.
പ്രവേശന പാതകൾ ഇടിഞ്ഞു താഴ്ന്നതോടെ കട്ടിങ് രൂപപ്പെടുകയും വാഹനങ്ങൾ പാലത്തിലേക്ക് കട്ടിങ്ങിൽ ഇടിച്ചു കയറും വിധമായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കോട്ടയം എംപി തോമസ് ചാഴികാടൻ പാലത്തിലേക്കുള്ള ഇരുഭാഗത്തേയും പ്രവേശന പാത ഉടൻ തന്നെ ഉയർത്തുമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് നിർദ്ദേശം റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് ടാറിങ് ജോലികൾ നടന്നത്.
ഇതിനിടെ ടാറുമായി എത്തിയ ടോറസ് ലോറി ടാർ ഇറക്കുന്നതിനായി ഉയർത്തുന്നതിനിടെ പാലത്തിന്റെ ബീമിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ എത്തിയാണ് ടോറസ് ഉയർത്തിയത്. നാഗമ്പടം റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിനു ശേഷം സമീപന പാത ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് പല തവണ ടാർ ചെയ്തു ഉയർത്തിയിരുന്നു. റെയിൽവേ കോൺട്രാക്ടർമാർ ലഭ്യമല്ലാതിരുന്നതിനാൽ ശാസ്ത്രി റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കോൺട്രാക്ടറുമായി എംപി ബന്ധപ്പെട്ടാണ് ടാറിങ് ജോലികൾ പൂർത്തിയാക്കിയത്.