നീണ്ടൂർ: അപകടങ്ങൾ പതിവായ നീണ്ടൂർ പ്രാലേൽ പാലം വീതി കൂട്ടി നിർമ്മിക്കും എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. അപകടങ്ങൾ പതിവായതോടെ നാട്ടുകാരുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. മന്ത്രി വി എൻ വാസവൻ, എംപി തോമസ് ചാഴികാടൻ, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
തിങ്കളാഴ്ച തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 1.5 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തിങ്കളാഴ്ച നൽകുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. കഴിഞ്ഞ ദിവസം അപകടം പതിവായ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിച്ചിരുന്നു. പാലത്തിന്റെ വീതി കൂട്ടി നിർമ്മിക്കുന്നതിനൊപ്പം അപ്രോച്ച് റോഡും വീതി കൂട്ടി നിർമ്മിക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.