വൈക്കത്ത് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.


വൈക്കം: വൈക്കം മേഖലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യവുമായി വൈക്കത്തെ മൂന്നാമത്തെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഉത്‌ഘാടനം എംഎൽഎ സി.കെ ആശ നിർവ്വഹിച്ചു.

വൈക്കം മുനിസിപ്പൽ അതിർത്തിയിൽ നിലവിൽ 2 കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ടൗൺഹാളിലും ആയി ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യത്തിലാണ് പുതിയ ഒരു കേന്ദ്രം ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. വൈക്കം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലാണ് കോവിഡ് ചികിത്സാ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു കേന്ദ്രം കൂടി ആരംഭിക്കുന്നതിന്റെ ആവശ്യകത ജില്ലാ മെഡിക്കൽ ഓഫീസറേയും കലക്ടറെയും അറിയിക്കുകയും ഉടൻതന്നെ പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്യുകയായിരുന്നു എന്ന് സി.കെ ആശ പറഞ്ഞു. നൂറിലധികം രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളാണ് നിലവിൽ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ബോയ്സ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ടൗൺഹാളിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി നടത്തപ്പെടുന്ന ചികിത്സാ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിലുമാണ് നടന്നു വരുന്നത്.