നെല്ല് സംഭരണം ഉടൻ ആരംഭിക്കും,കർഷകരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കും;മോൻസ് ജോസഫ്.


കടുത്തുരുത്തി: കൂടുതൽ പതിര് കുറയ്ക്കാനുള്ള മില്ലുടമകളുടെ നടപടിയിന്മേൽ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിച്ചു നെല്ല് സംഭരണം ഉടൻ ആരംഭിക്കും എന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ആഴ്ചകളായി നെല്ല് സംഭരണം നടക്കാത്തത് മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് അധികൃതർ, പാഡ്ഡി ഓഫീസർമാർ എന്നിവരോട് വിവിധ മില്ലുകളുമായി സംസാരിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ എം അഞ്ജന നിർദ്ദേശം നൽകിയതായും മോൻസ് ജോസഫ് പറഞ്ഞു. മാഞ്ഞൂർ സൗത്ത് പാണ്ടൻകരി, രാമങ്കരി പാടശേഖരം, കടുത്തുരുത്തി പഞ്ചായത്തിലെ വാലാച്ചിറ പാടശേഖരം, കല്ലറയിലെ വിവിധ പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ കൊയ്തെടുത്ത നെല്ല് സംഭരിക്കാത്തതിനാൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. പാടശേഖര കമ്മിറ്റികളും കൃഷിക്കാരും അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് പരമാവധി വേഗത്തിൽ പരിഹാര നടപടിക്ക് സാഹചര്യം ഉണ്ടാകും എന്നും ആവശ്യമെങ്കിൽ വിവിധ മില്ലുകളുടെ പ്രതിനിധികളെ നേരിട്ട് വിളിപ്പിച്ച് തീർപ്പുണ്ടാക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മോൻസ് ജോസഫ് പറഞ്ഞു.