പാലാനഗരത്തിനും മലയോരമേഖലയ്ക്കും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഞാന്‍ മുന്നിലുണ്ടാവും;മാണി സി കാപ്പൻ.


പാലാ: പാലാനഗരത്തിനും മലയോരമേഖലയ്ക്കും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഞാന്‍ മുന്നിലുണ്ടാവും എന്ന് മാണി സി കാപ്പൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകളെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും എല്ലാവർക്കും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് പാലായില്‍ തന്നെ തീര്‍പ്പുണ്ടാക്കുന്നതിനും കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എംഎല്‍എ എന്ന നിലയില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെ നിന്ന പ്രവര്‍ത്തകരെ ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നതായും ഇനിയും പൂര്‍വ്വാധികം ശക്തിയോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിഭേദമെന്യേ ഏതൊരാള്‍ക്കും തങ്ങളുടെ അര്‍ഹമായ വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുകയില്ല എന്ന് ഉറപ്പ് നല്‍കുന്നതായും മാണി സി കാപ്പൻ പറഞ്ഞു.