കോട്ടയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനു മുകളിൽ നിൽക്കുന്ന കോട്ടയം ജില്ലയിലെ 2 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധം ശക്തമാക്കും എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലയിലെ ഉദയനാപുരം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നത്. ഉദയനാപുരം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുകയാണ്. ഇന്നലെ ഉദയനാപുരത്ത് 42 പേർക്കും വെച്ചൂരിൽ 25 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 12,13 വാർഡുകളിലെയും വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 ലെയും നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചിരുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 8, 7, 6, 1, 11, 12, 2, 3, 4, 13, 15 വാർഡുകൾ കണ്ടെയിന്മെന്റ് സോണിലാണ്. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 1, 2, 9, 8, 3 വാർഡുകളും കണ്ടെയിന്മെന്റ് സോൺ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെ അധിക നിയന്ത്രണങ്ങളും ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിന്നിരുന്ന കുമരകം,തിരുവാർപ്പ് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടതായും രോഗ വ്യാപന തോത് കുറയ്ക്കാൻ സാധിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനു മുകളിൽ, കോട്ടയം ജില്ലയിലെ 2 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധം ശക്തമാക്കും; ജില്ലാ കളക്ടർ.