കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നതായി വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ശുഭസൂചനയാണ്. നിയന്ത്രണങ്ങളും മുൻകരുതലുകളും ഫലവത്താണെന്നു തെളിയിക്കുന്നതാണ് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ കുറവ്.
കോട്ടയം ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ താഴെ എത്തിയതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. മെയ് 14 മുതല്‍ 20 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20ല്‍ താഴെ എത്തിയതായി കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം വൈക്കം(19.96), വെളിയന്നൂര്‍(19.92), മുണ്ടക്കയം(18.96), വിജയപുരം(18.90), അയര്‍ക്കുന്നം(18.14), മീനച്ചില്‍(17.97), വെള്ളാവൂര്‍(17.71), കടപ്ലാമറ്റം(17.68), കങ്ങഴ(17.53), കറുകച്ചാല്‍(17.43), ഭരണങ്ങാനം(17.20), വാഴൂര്‍(17.15), കോട്ടയം(17.13), കാഞ്ഞിരപ്പള്ളി(16.91),
തീക്കോയി(16.41), ഞീഴൂര്‍(15.69), കുറവിലങ്ങാട്(15.59), തലനാട്(15.47), ചങ്ങനാശേരി(13.93), ചിറക്കടവ്,(12.96) കോരുത്തോട്(12.90), മേലുകാവ്(11.26) പൂഞ്ഞാര്‍(6.31) എന്നിവിടങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ താഴെ എത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും കുറവ് പൂഞ്ഞാര്‍ പഞ്ചായത്തിലാണ്. പത്തു ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റിയുള്ള ഏക മേഖലയും ഇതാണ്. പോസിറ്റിവിറ്റി നിരക്ക് 40നു മുകളിലുള്ളത് ഉദയനാപുരത്തും(42.83) മറവന്തുരുത്തിലും(42.68) മാത്രമാണ്. 20നും 30നും ഇടയിലുള്ള 30 തദ്ദേശ സ്ഥാപന മേഖലകളും 30നും 40നും ഇടയിലുള്ള 13 തദ്ദേശ സ്ഥാപന മേഖലകളും ജില്ലയിലുണ്ട്.