താഴത്തങ്ങാടി: താഴത്തങ്ങാടി കുമ്മനം കുളപ്പുരകടവിന് സമീപം ഓരുവെള്ളം തടയുന്നതിനായി നിർമ്മിച്ച തടയണ തകർന്നത് ഇത്തവണ റെക്കോർഡ് വേഗത്തിൽ. നിർമ്മിച്ചു 3 ദിവസം തികയ്ക്കും മുൻപ് തടയണ പൊട്ടിത്തകർന്നു. വർഷം തോറുമുള്ള തടയണ കെട്ടിക്കളിയിൽ വൻ അഴിമതി ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഓരുവെള്ളം തടയുന്നതിനായി താഴത്തങ്ങാടിയിൽ തടയണ നിർമ്മിക്കുന്നത്. മഴക്കാലം എത്തുമ്പോൾ തടയണ കവിഞ്ഞു വെള്ളം ഒഴുകുകയാണ് പതിവ്. വെള്ളം ഒഴുകിയെത്തുന്നതോടെ തടയണ പൊട്ടിച്ചു വിടുകയുമാണ് ചെയ്യുന്നത്. ഇത്തവണ തടയാൻ നിർമ്മിച്ചു 3 ദിവസം പോലും തികയ്ക്കും മുൻപാണ് ഇന്നലെ തടയണ പൊട്ടിത്തകർന്നത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്തും വാട്ടർ അതോറിറ്റിക്കു വേണ്ടി ഇറിഗേഷൻ വകുപ്പും ചേർന്നാണ് തടയണ നിർമ്മിക്കുന്നത്. വർഷം തോറും തടയണ നിർമ്മിക്കുന്നതിലൂടെ വൻ അഴിമതിയാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും ഇത്തരത്തിൽ തടയണ കെട്ടാതെ ശ്വാശ്വതമായ പരിഹാരമായി ഷട്ടർ സംവിധാനമോ മറ്റെന്തെങ്കിലും സംവിധാനമോ നിർമ്മിക്കണമെന്ന് ആവശ്യമുയരുകയാണ്.