തൃക്കൊടിത്താനം: ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തിന്റെ ക്ഷേത്രമതിൽക്കെട്ട് തകർന്നു വീണു. എംഎൽഎ ജോബ് മൈക്കിൾ സ്ഥലം സന്ദർശിച്ചു. കനത്ത മഴയിൽ മഹാവിഷ്ണുക്ഷേത്രത്തിന്റെ ക്ഷേത്രമതിലിന്റെ തെക്കുപടിഞ്ഞാറ് ഭാഗം ആണ് തകർന്നു വീണത്.
പുരാവസ്തു വകുപ്പുമായി ബന്ധപ്പെടുകയും ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിര നടപടികൾ വേണമെന്ന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു. നൂറ്റാണ്ടുകളുടെ പൈതൃകമാണ് ഇതുപോലുള്ള ചരിത്രസ്മാരകങ്ങൾക്കുള്ളത് എന്നും അവയെ ഇനിയും സംരക്ഷിച്ചില്ലെങ്കിൽ വരുന്ന തലമുറയ്ക്ക് ഇങ്ങനെയുള്ള അറിവുകൾ അന്യമായിപ്പോകുമെന്നും മുന്നോട്ടുള്ള കുതിപ്പിനിടയിൽ പഴമയെ മറക്കാതെ അവയുടെ സംരക്ഷകരാകണമെന്നും അദ്ദേഹം പറഞ്ഞു.